
ഒരു ജനാധിപത്യ രാജ്യത്ത് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് തിരഞ്ഞെടുപ്പ്. അതിനാൽതന്നെ, വോട്ടിടലും വോട്ടെണ്ണലുമെല്ലാം അത്രയും സൂക്ഷ്‌മമായിട്ടാണ് ഇന്ത്യയിൽ കൈകാര്യം ചെയ്‌ത് വരുന്നത്. ആദ്യകാലത്ത് ബാലറ്റ് പേപ്പർ മാത്രം ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടന്നിരുന്നതെങ്കിൽ ഇന്ന് സാങ്കേതികമായി ഏറെ മുന്നോട്ട് പോയ നമ്മുടെ ഇന്ത്യയിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. അപൂർവമായി മാത്രമാണ് ഇപ്പോൾ ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നത്.
ഒരു മെഷീനിന്റെ സഹായത്തോടെ നടത്തുന്ന തിരഞ്ഞെടുപ്പായതിനാൽ തോൽക്കുന്ന രാഷ്‌ട്രീയ പാർട്ടികൾ പല തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്. പലപ്പോഴും മെഷീനിന്റെ തകരാർ അല്ലെങ്കിൽ മെഷീനിൽ കൃത്രിമത്വം കാട്ടി തുടങ്ങിയ ആരോപണങ്ങളാണ് വരാറുള്ളതിലേറെയും. നമ്മൾ ധാരാളമായി കേട്ടിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള പ്രചരണങ്ങളിൽ സത്യമുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അറിയാം ഇവിഎമ്മിനെ പറ്റിയും അതിൽ കൃത്രിമം കാണിക്കാൻ കഴിയുമോ എന്നതിനെക്കുറിച്ചും.

കാസർകോട്ടെ ഇവിഎം തകരാർ
വെള്ളിയാഴ്‌ച നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും മോക് പോളിംഗ് നടത്തിയിരുന്നു. ഇതിനിടെ കാസർകോട് മണ്ഡലത്തിൽ മോക് പോൾ നടത്തിയതിൽ നാല് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിലും (ഇവിഎം) ബിജെപിക്ക് അധിക വോട്ട് വീണു എന്ന ആരോപണം യുഡിഎഫും എൽഡിഎഫും ഉയർത്തിയിരുന്നു.
20 മെഷീനുകളാണ് ഒരു സമയം പബ്ലിഷ് ചെയ്‌തിരുന്നത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്‌ഷനുകളുണ്ട്. ഓരോ ഓപ്‌ഷനും ഓരോ തവണ അമർത്തി പരിശോധിച്ചപ്പോൾ നാല് മെഷീനുകളിൽ ബിജെപിക്ക് രണ്ട് വോട്ട് ലഭിച്ചതായി കണ്ടു. ബിജെപിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു.

കാസർകോട് ലോക്‌സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എംവി ബാലകൃഷ്ണൻ, സിറ്റിംഗ് എംപിയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഏജന്റുമാർ ജില്ലാ കളക്ടർ കെ ഇൻബാശേഖറിന് പരാതിയും നൽകിയിരുന്നു. എന്നാൽ, പിന്നീട് ഈ വാർത്ത തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്തെത്തി. വിവിപാറ്റുകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട ഹർജിയിലെ വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകനോട് ഇക്കാര്യം പരിശോധിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
എന്നാൽ, മോക് പോളിൽ ബിജെപിക്ക് അധിക വോട്ട് ലഭിച്ച സംഭവം സാങ്കേതിക തകരാറാണെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. പ്രശ്‌നം ഉടൻ തന്നെ പരിഹരിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. പുറത്തുവന്ന വാർത്തകൾ തെറ്റാണെന്നും, അത്തരമൊരു സംഭവം ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ റിട്ടേണിംഗ് ഓഫീസർ റിപ്പോർട്ട് നൽകിയതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞിരുന്നു.
വോട്ടിംഗ് മെഷീനുകളിൽ കൃത്രിമം കാണിക്കാൻ കഴിയുമോ?
ഇവിഎമ്മുകൾ ഒരു ബാഹ്യ യൂണിറ്റുമായോ ഒരു സിസ്റ്റവുമായോ ബന്ധിപ്പിച്ചിട്ടില്ലാത്ത ഉപകരണങ്ങളാണ്. അതിനാൽ അവയിൽ കൃത്രിമം നടത്തുന്നതിനുള്ള സാദ്ധ്യത വിദഗ്ദ്ധർ തള്ളിക്കളയുകയാണ്.
മൂന്ന് ഘടകങ്ങളാണ് ഇവിഎമ്മുകളിൽ അടങ്ങിയിരിക്കുന്നത്. സ്ഥാനാർത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയിട്ടുള്ള ബാലറ്റ് യൂണിറ്റ് (ബിയു), വോട്ട് സ്വീകരിച്ച പ്രിസൈഡിംഗ് ഓഫീസറുടെ മേശപ്പുറത്ത് വയ്‌ക്കുന്ന കൺട്രോൾ യൂണിറ്റ് (സിയു), വിവിപാറ്റ് എന്നിവയാണ് ആ മൂന്ന് ഘടകങ്ങൾ. ഇതിൽ വിവിപാറ്റിനെ ബിയു, സിയു എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ബിയുവിൽ നിന്ന് നേരിട്ട് ബന്ധമില്ലാത്തതിനാൽ സിയുവിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ വിവിപാറ്റ് വഴി വോട്ട് പോകുന്നു. അതിനാൽ, നമ്മൾ ആർക്കാണ് വോട്ട് രോഖപ്പെടുത്തിയതെന്ന് പ്രിസൈഡിംഗ് ഓഫീസർക്കോ മറ്റുള്ളവർക്കോ അറിയാൻ സാധിക്കില്ല.
മറ്റ് സാദ്ധ്യതകൾ
കൺട്രോൾ യൂണിറ്റിലാണ് നമ്മൾ ചെയ്യുന്ന വോട്ടുകൾ രേഖപ്പെടുത്തുന്നത്. കൺട്രോൾ യൂണിറ്റിൽ നിർമ്മാണ സമയത്ത് കൃത്രിമം നടത്തുക, അല്ലെങ്കിൽ സൂക്ഷിച്ചു വച്ചിരിക്കുന്ന സ്ഥലത്ത് നിന്ന് കൃത്രിമം നടത്തുക എന്നീ സാദ്ധ്യതകളുണ്ടെങ്കിലും നിലവിലെ സുരക്ഷാക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ അത് ബുദ്ധിമുട്ടാണ്. ബാലറ്റ് യൂണിറ്റിനെ കൺട്രോൾ യൂണിറ്റുമായി ബന്ധിപ്പിക്കുന്ന കേബിളിൽ മാറ്റം വരുത്തുകയാണ് ഒരു സാദ്ധ്യത. അതിന് സാധിച്ചാൽ ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാം. എങ്കിലും മറ്റൊരു പ്രശ്‌നം ബാക്കിയാണ്.
ഓരോ മണ്ഡലത്തിലും ഓരോ ക്രമത്തിലാണ് സ്ഥാനാർത്ഥികളെ വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തുന്നത്. ഈ ക്രമം നിശ്ചയിക്കുന്നതാകട്ടെ പോളിംഗിന് ഏതാനും ദിവസങ്ങൾക്ക് മുമ്പും. ഒരേ പാർട്ടിയുടെ സ്ഥാനാർത്ഥി എല്ലാ മണ്ഡലങ്ങളിലും ഒരേ ക്രമ നമ്പറിൽ വരില്ല. വോട്ടിംഗ് മെഷീനിന്റെ മെമ്മറിയിൽ സ്ഥാനാർത്ഥിയുടെ പേരോ പാർട്ടിയുടെ പേരോ രേഖപ്പെടുത്തപ്പെടുന്നില്ല. കൺട്രോൾ മെഷീനിൽ വോട്ട് പതിയുന്നത് ക്രമനമ്പറിനനുസരിച്ചാണ്. ഒന്നാം സ്ഥാനാർത്ഥി, രണ്ടാം സ്ഥാനാർത്ഥി എന്നതിനപ്പുറം ഒരു വിവരവും വോട്ടിംഗ് മെഷീനിനകത്ത് രേഖപ്പെടുത്താൻ കഴിയില്ല. അതിനാൽ തന്നെ ഒരു ക്രമ നമ്പറിന് കൂടുതൽ വോട്ട് കിട്ടുന്ന തരത്തിൽ എന്തെങ്കിലും മാറ്റം മുൻകൂട്ടി മെഷീനിൽ വരുത്തിയത് കൊണ്ട് കാര്യമില്ല.

മെഷീൻ നിർമാണം
ബംഗളൂരു ആസ്ഥാനമായ ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡും ഹൈദരാബാദിലെ ഇലക്‌ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യയും ആണ് വോട്ടിംഗ് മെഷീനുകൾ നിർമിക്കുന്നത്.
വിവിപാറ്റ് പ്രോട്ടോക്കോൾ
മൂന്ന് കാര്യങ്ങളാണ് വിവിപാറ്റ് പ്രോട്ടോക്കോളിൽ പറഞ്ഞിട്ടുള്ളതെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് വിവിപാറ്റ് സ്ലിപ്പുകൾ പരിശോധിക്കാൻ വോട്ടർമാർക്ക് സാധിക്കില്ല, വോട്ടിട്ട ശേഷം അതിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടെങ്കിൽ നിങ്ങളുടെ വോട്ട് റദ്ദാക്കാൻ സാധിക്കും, പിന്നീട് മറ്റൊരു മെഷീനിൽ നിന്ന് അവരെ വോട്ട് ചെയ്യാൻ അനുവദിക്കണം തുടങ്ങിയവയാണ് പ്രോട്ടോക്കോളിൽ പറഞ്ഞിട്ടുള്ളത്.