k-sudhakaran

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവാരം പി വി അൻവർ എം എൽ എയേക്കാൾ താഴെയാണെന്ന് കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയ്ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ട്. ഇടതുതരംഗമാണെന്ന അവകാശവാദം പിണറായിക്ക് തലയ്ക്ക് മിസ്‌റ്റേക്കുള്ളതുകൊണ്ടാണെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.


അതേസമയം, പിണറായി വിജയൻ പി വി വി അൻവറിന്റെ നിലവാരത്തിലേക്ക് താഴ്ന്നുവെന്ന് വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പ്രതികരിച്ചു. അൻവറിന്റെ പരാമർശത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുകയാണെന്നും അദ്ദേഹം ഒരു ചാനലിനോട്‌ പറഞ്ഞു.

പി വി അൻവറിനെ കയറൂരി വിടുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നായിരുന്നു കെ മുരളീധരന്റെ പ്രതികരണം. അൻവറിനല്ല മുഖ്യമന്ത്രിക്കാണ് മറുപടി കൊടുക്കേണ്ടത്. രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശങ്ങളിൽ പരാതി നൽകുന്നതിനെക്കുറിച്ച് യു ഡി എഫ് പരിശോധിക്കുമെന്ന് മുരളീധരൻ കൂട്ടിച്ചേർത്തു.


അൻവറിനെ ചങ്ങലക്കിട്ട് തളയ്ക്കണമെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ആഫ്രിക്കൻ രാസ ലഹരിക്കടിമപ്പെട്ട ഒരു അധമന്റെ ജല്‌പനം ആയിട്ടാണ് ഈ പ്രസ്താവനയെ കാണുന്നത്. സ്വന്തം പിതാവിന്റെ പിതൃത്വത്തെപ്പോലും ചോദ്യം ചെയ്യാൻ മടിക്കാത്ത ആളാണ് അൻവറെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.