
പട്ടികളെയും പൂച്ചകളെയുമൊക്കെ വളർത്തുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇന്ന് മിക്ക വീടുകളിലും ഇതിലേതെങ്കിലും ഉണ്ട്. കുട്ടികളുമായിട്ടാണ് ഇവ കൂടുതൽ അടുപ്പം കാണിക്കുന്നത്. വളർത്തുമൃഗങ്ങൾക്കൊപ്പം കളിക്കുന്ന കുട്ടികളുടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ പൂച്ചക്കുട്ടിയെ ദത്തെടുക്കാൻ പോകുന്ന ഒരു കുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത് എവിടെ നിന്നുള്ള വീഡിയോയാണെന്ന് വ്യക്തമല്ല.
പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിലെത്തിയ കുട്ടി അവിടെ നിരവധി പൂച്ചകളെ കണ്ടു. കൂട്ടിൽ കിടക്കുന്ന പൂച്ചകളുടെ അടുത്ത് അവൻ ചെന്നു. പെട്ടെന്ന് ഒരു പൂച്ച അവന്റെ നെഞ്ചിലേക്ക് ചായുകയാണ്, ഒരു കൊച്ചുകുഞ്ഞ് അവന്റെ അമ്മയുടെ നെഞ്ചിൽ കിടക്കുന്നതുപോലെ തോന്നും.
കുട്ടി ആ പൂച്ചയെ മാറോട് ചേർക്കുകയാണ്. തുടർന്ന് ചിരിച്ചുകൊണ്ട് ക്യാമറയിലേക്ക് നോക്കുകയും ചെയ്യുന്നു. ഈ സമയം പൂച്ച കംഫർട്ടായി കുട്ടിയുടെ ചുമലിൽ കിടക്കുകയാണ്. 'പൂച്ച നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു' എന്ന അടിക്കുറിപ്പോടെ റെഡ്ഡിറ്റിലാണ് ആദ്യം വീഡിയോ പ്രത്യക്ഷപ്പെട്ടത്. പിന്നീട് യൂട്യൂബിലും ഫേസ്ബുക്കിലുമൊക്കെ നിരവധി പേർ വീഡിയോ പങ്കുവച്ചു. ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചൊക്കെയാണ് മിക്ക കമന്റുകളും വരുന്നത്.