
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ സമരം റോഡിലേക്ക്. വിവരാവകാശ റിപ്പോർട്ട് കിട്ടുന്നത് വെെകുന്നെന്ന് ആരോപിച്ചാണ് മാനാഞ്ചിറയിലെ റോഡിൽ നിന്ന് അതിജീവിത പ്രതിഷേധിക്കുന്നത്. അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി സാമൂഹിക പ്രവർത്തകരും ഒപ്പമുണ്ട്. അതിജീവിത നൽകിയ അപ്പീലിൽ വിവരാവകാശ കമ്മീഷൻ പൊലീസിനോട് റിപ്പോർട്ട് തേടിയത് ഇന്നാണെന്നും ആരോപണമുണ്ട്.
മൊഴിയെടുത്ത ഡോക്ടർക്കെതിരായ പരാതിയിലെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ടാണ് പ്രതിഷേധ സമരം. സംഭവത്തിൽ ഡോ.കെ വി പ്രീത രേഖപ്പെടുത്തിയ മൊഴിയിൽ താൻ പറഞ്ഞ പലകാര്യങ്ങളും കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ച് അതിജീവിത പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിയിൽ കഴമ്പില്ലെന്നായിരുന്നു മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ കമ്മിഷണർക്ക് നൽകിയ അന്വേഷണ റിപ്പോർട്ട്. ഇതിന്റെ പകർപ്പ് വിവരാവകാശ പ്രകാരമുൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും ലഭ്യമാക്കാത്തതിനെ തുടർന്നാണ് സമരം തുടങ്ങിയത്. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ആവശ്യപ്പെട്ട് 2023 ജൂലായ്‌യിൽ അതിജീവിത വിവരാവകാശ കമ്മീഷണറെ സമീപിച്ചെങ്കിലും പൊലീസ് റിപ്പോർട്ട് നൽകാൻ തയ്യാറായിരുന്നില്ല.
അതേസമയം, ഐസിയു പീഡനക്കേസിലെ അതിജീവിതയുടെ പരാതി അന്വേഷിക്കാൻ ഉത്തരമേഖല ഐ.ജി കെ.സേതുരാമന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിരുന്നു. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. അതിജീവിതയുടെ സമരത്തെക്കുറിച്ചും അന്വേഷണ റിപ്പോർട്ട് കൈമാറാത്തതിനെക്കുറിച്ചും അന്വേഷിക്കണം. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തണം. സ്വീകരിച്ച നടപടി സംബന്ധിച്ച് പരാതിക്കാരിക്ക് മറുപടി നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.