h

മുംബയ്: 'ആകാശത്തിന്റെ രാജ്ഞി" എന്നറിയപ്പെടുന്ന എയർ ഇന്ത്യയുടെ ജംബോ ജെറ്റ് ബോയിംഗ് 747 വിമാനം ഇനി ചരിത്രം. എയർ ഇന്ത്യയുടെ ജനപ്രിയ വിമാനങ്ങളായിരുന്ന ബോയിംഗ് 747 സ‍ർവീസുകൾ അവസാനിപ്പിച്ചു.

കഴിഞ്ഞ ദിവസം മുംബയ് ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ നിന്ന് രാവിലെയായിരുന്നു അവസാന ടേക്ക് ഓഫ്. വികാര നിർഭരമായ വിടവാങ്ങലാണ് ജീവനക്കാർ നൽകിയത്.

ഒരു കാലത്ത് രാഷ്ട്രപതി മുതൽ പ്രധാനമന്ത്രി വരെ ഈ വിമാനത്തിലാണ് യാത്ര ചെയ്തിരുന്നത്. വിമാനത്തിന്റെ സേവനം അവസാനിപ്പിക്കുവെന്ന് എയർ ഇന്ത്യ സമൂഹ മാദ്ധ്യമത്തിലൂടെ അറിയിക്കുകയായിരുന്നു. അന്തർദേശീയ ദീർഘദൂര സർവീസുകൾക്കായിരുന്നു മഹാരാജാ വിമാനങ്ങൾ ഉപയോഗിച്ചിരുന്നത്. അമേരിക്കയിലെ പ്ലെയിൻഫീൽഡിലേക്കാണ് മഹാരാജയുടെ അവസാന സർവീസ്. ഇവിടെ വച്ച് വിമാനം പൊളിച്ച് പാർട്സുകൾ മാറ്റും. 1971 മാർച്ച് 22നാണ് എയർ ഇന്ത്യയ്ക്ക് ബോയിംഗ് 747 വിഭാഗത്തിലെ ആദ്യ വിമാനം ലഭിച്ചത്.

2021ൽ യാത്രകൾ അവസാനിപ്പിച്ച ബോയിംഗ് 747 വിമാനം മുംബയ് വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.