
കൊച്ചി: പശ്ചിമേഷ്യ സമാധാനത്തിലേക്ക് നീങ്ങുന്നുവെന്ന വാർത്തകളും അമേരിക്കയിൽ പലിശ കുറയാനുള്ള സാദ്ധ്യത മങ്ങിയതും പ്രതികൂലമായതോടെ സ്വർണ വില കുത്തനെ കുറയുന്നു. നിക്ഷേപകർ സ്വർണത്തിൽ നിന്നും പിൻമാറിയതോടെ കേരളത്തിൽ ഇന്നലെ പവൻ വില 1,120 രൂപ കുറഞ്ഞ് 52,920 രൂപയിലെത്തി. ഗ്രാമിന്റെ വില 6,625 രൂപയിലേക്ക് ഇടിഞ്ഞു. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,310 ഡോളറിലേക്കാണ് താഴ്ന്നത്. കഴിഞ്ഞ വാരം വില 2,420 ഡോളർ വരെ ഉയർന്നിരുന്നു. ഏപ്രിൽ 19ന് 54,520 രൂപയിലുണ്ടായിരുന്ന പവൻ വില അഞ്ച് ദിവസത്തിനുള്ളിൽ 1,600 രൂപയാണ് കുറഞ്ഞത്. വരും ദിവസങ്ങളിൽ അസാധാരണ സംഭവങ്ങൾ ഉണ്ടായില്ലെങ്കിൽ പവൻ വില 50,000 രൂപയിലും താഴെ എത്തിയേക്കും.