sashi-tharoor

തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരത്തിന്റെ ആവേശം പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും നിറഞ്ഞുകാണാമായിരുന്നുവെങ്കിലും നാലാം അങ്കത്തിലും തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ് സിറ്റിംഗ് എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. തികഞ്ഞ ആത്മവിശ്വാസത്തിലാണ് താനെന്നും ജയം ഉറപ്പാണെന്ന് ജനങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം കേരള കൗമുദി ഓണ്‍ലൈനിനോട് പറഞ്ഞു.

15 വര്‍ഷം താന്‍ എന്തുചെയ്തുവെന്ന് തലസ്ഥാനത്തെ ജനങ്ങള്‍ക്ക് അറിയാം. പറ്റിയ ഒരു തെറ്റ് എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഫ്‌ളക്‌സ് അടിച്ച് പ്രചരിപ്പിക്കാന്‍ ശ്രമിക്കാതെ സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധിച്ചു എന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖര്‍ നിരവധി പൊള്ളയായ വാഗ്ദാനം നല്‍കുന്നുണ്ട്. പല അവകാശവാദങ്ങളും കണ്ടിട്ട് ചിരിവന്നുവെന്നും ഒരു എംപിയുടെ ജോലിയുടെ പരിധികള്‍ പോലും അദ്ദേഹത്തിന് മനസ്സിലായിട്ടില്ലെന്നും തരൂര്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചില പദ്ധതികള്‍ നടപ്പിലാക്കുന്നതിനും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും സഹകരണക്കുറവ് ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനം പോലെ തന്നെ ആവശ്യമുള്ള ഒന്നാണ് മെട്രോ റെയിലും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യത്തില്‍ ഇടപെടല്‍ സജീവമാക്കിയിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലാക്കുന്നതില്‍ ഒരു വെല്ലുവിളി ഇനിയും പരിഹരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെല്ലുവിളിയാണ് തിരഞ്ഞെടുപ്പിന്റെ രസം

2009 മുതല്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കുന്ന തരൂരിന് 2014,2019 വര്‍ഷങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നേരിടേണ്ടി വന്നു. ഇത്തവണയാണോ വെല്ലുവിളി കൂടുതല്‍ എന്ന് ചോദിച്ചാല്‍ എല്ലാ തിരഞ്ഞെടുപ്പിലും വെല്ലുവിളികളുണ്ടായിട്ടുണ്ടെന്നും അതാണ് തിരഞ്ഞെടുപ്പിന്റെ രസമെന്നും തരൂര്‍ പറയുന്നു. തിരഞ്ഞെടുപ്പ് പര്യടനം നടത്തിയ ഘട്ടത്തില്‍ വലിയ ആവേശവും സ്‌നേഹവും ജനങ്ങളില്‍ നിന്ന് കാണാന്‍ സാധിച്ചു. രാത്രി വൈകി എത്തുന്ന സ്ഥലങ്ങളില്‍ പോലും സ്വീകരിക്കാന്‍ ജനങ്ങള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു - തരൂര്‍ പറഞ്ഞു.

sashi-tharoor

പ്രചാരണം അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഇനിയും നേരില്‍ക്കാണാന്‍ കഴിയാത്ത വോട്ടര്‍മാരെ കണ്ട് വോട്ട് ചോദിക്കാനാണ് രണ്ട് ദിവസം മാറ്റി വച്ചിരിക്കുന്നത്. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്താനുള്ള ശ്രമത്തിലാണ് താനെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ 2009ല്‍ ആദ്യമായി മത്സരിക്കാന്‍ എത്തിയപ്പോള്‍ കാണിച്ച സ്‌നേഹം അതുപോലെ ഇപ്പോഴും തുടരുന്നുണ്ട്. വോട്ട് ചോദിച്ച് എത്തുമ്പോള്‍ അവരുടെ ആവേശം വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്.

15 വര്‍ഷം ഒന്നും ചെയ്തില്ലെന്ന ആരോപണം

`ബിജെപി ഉന്നയിക്കുന്ന ആരോപണമാണത്, അത് സത്യമല്ലെന്ന് തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ക്ക് നന്നായി അറിയാം. എനിക്ക് പറ്റിയ ഒരു തെറ്റ് എന്താണെന്ന് പറഞ്ഞാല്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തനങ്ങളുടേയും ക്രെഡിറ്റ് ഫ്‌ളെക്‌സ് അടിച്ച് നഗരം മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചില്ല എന്നതാണ്. ജോലി നന്നായി ചെയ്യുന്നുണ്ടെന്ന് സ്വയം അറിയാമായിരുന്നു. ജോലി ചെയ്യുന്നതിലാണ് വിശ്വസിക്കുന്നതും. ഈ നഗരത്തില്‍ 2009 മുതല്‍ ഉള്ള വ്യക്തിയാണ് ഞാന്‍. ജനങ്ങള്‍ക്ക് വേണ്ടിയും നഗരത്തിന് വേണ്ടിയും എന്തു ചെയ്തുവെന്ന് അവര്‍ക്ക് അറിയാം. അതിന്റെ പേരില്‍ ഇത്രയും കാലം ഇവിടെ ഇല്ലാതിരുന്ന രാജീവ് ചന്ദ്രശേഖര്‍ വന്ന് ശശി തരൂര്‍ മണ്ഡലത്തില്‍ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞാല്‍ അത് എങ്ങനെ സത്യമാകും, എന്തൊക്കെയാണ് നടന്നതെന്ന് ജനത്തിന് നന്നായി അറിയാം.` തരൂര്‍ പറഞ്ഞു.

sashi-tharoor

ആദ്യമായി എംപിയാകുമ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഇങ്ങനെ ആയിരുന്നില്ല. പുതിയ ടെര്‍മിനല്‍ വന്നു, അനുബന്ധമായി റോഡ് വികസനം വന്നു. വിഴിഞ്ഞവും ബൈപ്പാസും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എംപി ഇടപെട്ടത് എങ്ങനെയെന്ന് ജനങ്ങള്‍ക്ക് അറിവുള്ളതാണ്. ശ്രീചിത്രയിലും ടെക്‌നോപാര്‍ക്കിലും ഒപ്പം റെയില്‍വേ വികസനത്തിലും സാധ്യമായ ഇടപെടല്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചു. ഇനിയും എന്തു ചെയ്തുവെന്ന് സംശയമുണ്ടെങ്കില്‍ 68 പേജുള്ള ഒരു ബുക്‌ലെറ്റ് ഇറക്കിയിട്ടുണ്ട്. അത് വായിച്ചാല്‍ എല്ലാ സംശയത്തിനും ഉത്തരം കിട്ടും.

തരൂര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്?

ലോക്‌സഭയിലേക്കുള്ള അവസാന മത്സരമാണെന്ന് മുമ്പ് തന്നെ പറഞ്ഞിരുന്നു. അപ്പോള്‍ ഭാവി പരിപാടി സംഘടനാ രംഗമാണോ സംസ്ഥാന രാഷ്ട്രീയമാണോ എന്നത് ആലോചിച്ച് തീരുമാനിക്കും. അക്കാര്യം പിന്നീട് പരിശോധിക്കും. ഇപ്പോള്‍ ശ്രദ്ധ ലോക്‌സഭയില്‍ മാത്രം. ഡല്‍ഹിയില്‍ ഒരു ഭരണമാറ്റം അനിവാര്യമാണ്. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ സര്‍ക്കാര്‍ എന്നതാണ് ലക്ഷ്യം. എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് നിര്‍ത്തുന്ന ഒരു സംവിധാനമാണ് ആവശ്യമാണ്.

കേന്ദ്രമന്ത്രിയോ പ്രതിപക്ഷ നേതാവോ ?

അധികാരത്തിലെത്തായില്‍ കേന്ദ്ര മന്ത്രി, അല്ലെങ്കില്‍ പ്രതിപക്ഷ നേതാവ് എന്ന ഒരു പ്രചാരണം താന്‍ നടത്തിയിട്ടില്ല. താന്‍ ഉള്‍പ്പെടുന്ന ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ അതില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന നിലയുണ്ടാകും. പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും അത്തരം സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി ഇടപെടല്‍ നടത്താന്‍ ആ സ്വാധീനം ഉപയോഗിച്ചിട്ടുണ്ട്. ഇനിയും ജനങ്ങള്‍ക്ക് വേണ്ടി അത് ഉപയോഗിക്കും. തന്റെ മുന്നണി അധികാരത്തിലെത്തിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് ഉറപ്പാണ്.

സ്വപ്‌ന പദ്ധതി

തിരുവനന്തപുരത്തിന് വേണ്ടി നിരവധി പദ്ധതികള്‍ ചെയ്യേണ്ടതായിട്ടുണ്ട്. ഏതൊരു പദ്ധതി കൊണ്ടുവരാനാണെങ്കിലും അതിന് സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം കൂടി ആവശ്യമുണ്ട്. എന്നാല്‍ ചില കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണം ഉണ്ടാകുന്നില്ല. പലപ്പോഴും സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാണിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് തീരദേശ സംരക്ഷണം. അതില്‍ സംസ്ഥാന സര്‍ക്കാര്‍ താത്പര്യം കാണിച്ചിട്ടില്ല. പലതവണ ചൂണ്ടിക്കാണിച്ചിട്ടും ഇടപെടലുണ്ടായില്ല. കേന്ദ്രത്തില്‍ ഇതേകാര്യം ആവശ്യപ്പെടുമ്പോള്‍ തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നാണ് അവര്‍ പറയുന്നത്.

എംപിക്ക് കാര്യങ്ങള്‍ നടത്താന്‍ അധികാരമില്ല, കാര്യങ്ങള്‍ ആവശ്യപ്പെടാനും സ്വാധീനം ചെലുത്താനും മുന്‍കൈ എടുക്കാനുമാണ് കഴിയുക. ആ നിലയില്‍ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പാര്‍ലമെന്റില്‍ സംസാരിക്കുന്നതിന്റെ കാര്യത്തിലും താന്‍ ഇതേ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം മെട്രോ റെയില്‍

തിരുവനന്തപുരം വിമാനത്താവള വികസനം പോലെ തന്നെ ആവശ്യമുള്ള ഒന്നാണ് മെട്രോ റെയിലും. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇക്കാര്യത്തില്‍ ഇടപെടല്‍ സജീവമാക്കിയിരുന്നു. കെഎംആര്‍ എല്‍ ആണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി പദ്ധതി നടപ്പിലാക്കുന്നത്. ലോക്‌നാഥ് ബെഹറയുമായി ഇക്കാര്യം സംസാരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അഭിപ്രായം പറയുന്നതിന് വേണ്ടി ഒരു യോഗം വിളിക്കുന്നതിന് ഉള്‍പ്പെടെ മുന്‍കൈ എടുത്തത് എംപിയെന്ന നിലയില്‍ ചെയ്ത കാര്യമാണ്. തിരുവനന്തപുരം നഗരത്തിന്റെ മുന്നേറ്റം കണക്കിലെടുക്കുമ്പോള്‍ മെട്രോ റെയില്‍ പദ്ധതി അനിവാര്യമാണ്. എന്നാല്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദവും ഒപ്പം കുറ്റമറ്റതുമായ ഒരു പ്ലാന്‍ വരയ്ക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നതാണ് സത്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു എംപി വിചാരിച്ചാല്‍ മാത്രം മെട്രോ റെയില്‍ സാദ്ധ്യമാകില്ല. അതിന് പ്രധാന മുന്‍കൈ വേണ്ടത് സംസ്ഥാന സര്‍ക്കാരില്‍ നിന്നാണ്. സ്ഥലം ഏറ്റെടുക്കല്‍, പ്ലാന്‍ തയ്യാറാക്കല്‍ തുടങ്ങിയ കാര്യത്തില്‍ ആ ഇടപെടല്‍ ആവശ്യമാണ്. പദ്ധതിയുടെ അനുമതിക്കായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കുമ്പോള്‍ ഇടപെടല്‍ നടത്താന്‍ തനിക്ക് കഴിയുമെന്നും തരൂര്‍ പറയുന്നു.

പന്ന്യന്‍ രവീന്ദ്രനെതിരായ പരാമര്‍ശം

പന്ന്യന്‍ രവീന്ദ്രന്‍ എന്തിന് വേണ്ടി മത്സരിക്കുന്നുവെന്ന ചോദ്യം താന്‍ ഉന്നയിച്ചത് ആ രീതിയില്‍ അല്ല. മുമ്പ് ഇടത്പക്ഷ അനുഭാവികളുടെയും ബിജെപി അനുഭാവികളുടേയും വോട്ട് ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നത് വ്യക്തികളാണ്. ആ നിലയില്‍ മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണയും രാഷ്ട്രീയം ജാതി മതം എന്നിവയ്ക്ക് അതീതമായി ലഭിച്ചിട്ടുണ്ട്. അത് ഉള്‍ക്കൊണ്ട് അവരെ ചേര്‍ത്ത് നിര്‍ത്തി തന്നെയാണ് ഇതുവരെ മുന്നോട്ട് പോയിട്ടുള്ളത്, ഇനിയും അത് അതുപോലെ തുടരും.

രാജീവ് ചന്ദ്രശേഖര്‍ പറയുന്ന പലതും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തത്

എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ പറയുന്നു എയിംസ് തിരുവനന്തപുരത്ത് കൊണ്ടുവരുമെന്ന്. ഇക്കാര്യത്തിനായി വളരെ മുമ്പ് തന്നെ ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആണ് തീരുമാനിക്കേണ്ടത്. കേരള സര്‍ക്കാര്‍ ആവശ്യപ്പെടുന്നത് എയിംസ് കോഴിക്കോട് വേണം എന്നാണ്. അപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ അത് സ്ഥാപിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ നല്‍കുന്നത് പൊള്ളയായ വാഗ്ദാനമാണ്.

sashi-tharoor

ബിജെപി പ്രചാരണത്തിന്റെ ചില വീഡിയോകളിലെ അവകാശവാദം കണ്ട് തനിക്ക് ചിരിവന്നുവെന്നും തരൂര്‍ പറയുന്നു. ജീവിതകാലം മുഴുവന്‍ സിപിഎമ്മിന് വോട്ട് ചെയ്ത ഒരു സ്ത്രീ പറയുന്നു പെന്‍ഷന്‍ മുടങ്ങിയത് കൊണ്ട് ഇത്തവണ വോട്ട് ബിജെപിക്ക് നല്‍കും എന്ന്. എംപി ആണോ പെന്‍ഷന്‍ നല്‍കുന്നത്. സ്വന്തം ജോലിയുടെ പരിധി എന്താണെന്ന് മനസ്സിലാക്കാന്‍ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിട്ടില്ല. അപ്പോള്‍ ജയിച്ച് വന്ന് ഇതെല്ലാം പഠിക്കാന്‍ അദ്ദേഹം എടുക്കുന്ന സമയനഷ്ടം ജനങ്ങള്‍ക്ക് സഹിക്കാന്‍ കഴിയുന്നത് എങ്ങനെയെന്നും തരൂര്‍ ചോദിക്കുന്നു.