vote

ന്യൂഡൽഹി: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന വെള്ളിയാഴ്ച കേരളമടക്കം 12 സംസ്ഥാനങ്ങളിലെയും, കേന്ദ്രഭരണപ്രദേശമായ ജമ്മുകാശ്മീരിലെയും 89 മണ്ഡലങ്ങൾ പോളിംഗ് ബൂത്തിലേക്ക്. 1210 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ജമ്മുകാശ്മീരിൽ ജമ്മു മണ്ഡലത്തിലാണ് വോട്ടെടുപ്പ്. ഔട്ടർ മണിപ്പൂർ മണ്ഡലത്തിലെ വോട്ടെടുപ്പ് ബാക്കിയുള്ള മേഖലകളും വെള്ളിയാഴ്ച ബൂത്തിലേക്ക് നീങ്ങും.

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവിടെ വോട്ട് ചെയ്യാം. കർണാടകത്തിലെ 14 മണ്ഡലങ്ങളിലും അസാമിലെ കരിംഗഞ്ച്, സിൽച്ചാർ, മംഗൾദോയ്,​ നവ്ഗോംഗ്,​ കാലിയബോർ എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കും. ബീഹാറിലെ കിഷൻഗഞ്ച്, കതിഹാർ, പുർണിയ, ഭഗാൽപുർ, ബാങ്ക, ഛത്തീസ്ഗഢിൽ രാജ്നന്ദഗാവ്, കാങ്കർ, മഹാസമുന്ദ്, മദ്ധ്യപ്രദേശിൽ ടിക്കാംഗഡ്, ദാമോഹ്, ഖജുരാഹോ, സത്ന, റേവ, ഹോഷംഗബാദ്, ബേതുൽ, മഹാരാഷ്ട്രയിൽ ബുൽദാന, അകോല, അമരാവതി, വാർധ, യവത്മൽ വാഷിം, ഹിംഗോലി, നന്ദഡ്, പർഭാനി മണ്ഡലങ്ങളും 26 ന് പോളിംഗ് ബൂത്തിലെത്തും.

 രണ്ടാംഘട്ടത്തിൽ പ്രമുഖരേറെ

രണ്ടാംഘട്ടത്തിൽ നിരവധി പ്രമുഖരാണ് ജനവിധി തേടുന്നത്. ലോക്‌സഭാ സ്‌പീക്കർ ഓം ബിർല,​ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി,​ നടിമാരായ ഹേമമാലിനി, നവനീത് കൗർ റാണ, രാമായണം സീരിയലിൽ ശ്രീരാമനായി അഭിനയിച്ച അരുൺ ഗോവിൽ, സുരേഷ് ഗോപി തുടങ്ങിയവരാണ് രണ്ടാം ഘട്ടത്തിൽ മത്സരരംഗത്തുള്ളത്.

കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിംഗ് ശെഖാവത്ത്, രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ തുടങ്ങിയവരും ജനവിധി തേടുന്നവരിൽപ്പെടുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് സി.പി. ജോഷി, ഡാനിഷ് അലി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷ് എന്നിവരും പോരാട്ടത്തിലുണ്ട്. ഡോ. ശശി തരൂർ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സിനിമ താരങ്ങളായ മുകേഷ്, കൃഷ്ണകുമാർ തുടങ്ങിയവരും 26ന് ജനവിധി തേടും.

മാണ്ഡ്യയിലെ കോൺഗ്രസ് സ്ഥാനാർത്ഥി വെങ്കട്ടരമണ ഗൗഡയാണ് രണ്ടാം ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ ഏറ്റവും സമ്പന്നൻ. ആസ്തി 622 കോടി രൂപ. 593 കോടിയുടെ സ്വത്തുള്ള ഡി.കെ. സുരേഷ്, 278 കോടിയുടെ ആസ്തിയുള്ള ഹേമമാലിനി എന്നിവർ ആസ്തിയുടെ കാര്യത്തിൽ വെങ്കട്ടരമണയുടെ പിന്നിലുണ്ട്.