andhra

അമരാവതി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പല സ്ഥാനാര്‍ത്ഥികളുടേയും സ്വത്ത് വിവരം കേട്ട് അന്തംവിട്ട് പോകാറുണ്ട് സാധാരണക്കാര്‍. എന്നാല്‍ ഇതുവരെ കണ്ടതും കേട്ടതും ഒന്നുമല്ല എന്നാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയുടെ സ്വത്ത് വിവരം പുറത്ത് വരുമ്പോള്‍ ശരിക്കും ഞെട്ടുകയാണ് വോട്ടര്‍മാര്‍.

ആന്ധ്ര പ്രദേശിലെ ഗുണ്ടൂരില്‍ നിന്നുള്ള ടിഡിപി സ്ഥാനാര്‍ത്ഥിയാണ് ഇത്തവണത്തെ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി. 5785 കോടി രൂപയുടെ സ്വത്ത് വകകളാണ് പെമ്മസനി ചന്ദ്രശേഖറിന്റെ പക്കലുള്ളത്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശപത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വ്യക്തിപരമായി തനിക്ക് മാത്രം 2448.72 കോടിയുടെ ആസ്തി ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ ശ്രീരത്ന കോനേരുവിന് 2343.78 കോടിയുടെ ആസ്തിയും മക്കളുടെ പേരില്‍ 1000 കോടിയുടെ സ്വത്തുമാണ് ഉള്ളത്. യുഎസിലെ ജെപി മോര്‍ഗന്‍ ചേസ് ബാങ്കിന് 1138 കോടിയുടെ കടബാധ്യതയുളളതായും ചന്ദ്രശേഖറിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

2014,2019 തിരഞ്ഞെടുപ്പുകളില്‍ ഗുണ്ടൂരില്‍ നിന്ന് വിജയിച്ച സിറ്റിംഗ് എംപി ഗല്ലാ ജയദേവിന് സീറ്റ് നിഷേധിച്ച ശേഷമാണ് പെമ്മസനി ചന്ദ്രശേഖറിന് സീറ്റ് നല്‍കാന്‍ ടിഡിപി തീരുമാനിച്ചത്. 4205 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ ടിഡിപി ഇവിടെ വിജയിച്ചത്. വൈഎസ്ആര്‍ കോണ്‍ഗ്രസിലെ കില്ലരി വെങ്കട റോസയ്യ സിപിഐയുടെ ജങ്കാല അജയ് കുമാര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.