yogi-adithyanath

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യ മുന്നണിയിലുള്ളവര്‍ രാജ്യത്തെ വഞ്ചിക്കുന്നവരാണെന്നും അധികാരത്തിലെത്തിയാല്‍ ശരീഅത്ത് നിയമം നടപ്പിലാക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അധികാരത്തിലേറിയാല്‍ വ്യക്തിനിയമം പുനസ്ഥാപിക്കുമെന്ന് പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് പറയുന്നു. അതിനര്‍ഥം മോദിജി നടപ്പാക്കിയ മുത്തലാഖ് നിരോധനം അടക്കം റദ്ദാക്കി ശരീഅത്ത് നിയമം ഇവിടെ പ്രാവര്‍ത്തികമാക്കുമെന്നാണ്'- യോഗി അവകാശപ്പെട്ടു.

അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ സ്വത്ത് മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ വാക്കുകളും യു.പി മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ഇത്തരത്തില്‍ നിങ്ങളുടെ സ്വത്ത് കവര്‍ന്നെടുക്കുന്നത് അനുവദിക്കാന്‍ നിങ്ങള്‍ക്കാവുമോ എന്നും യോഗി ചോദിച്ചിരുന്നു.

'മോദി രാജ്യത്ത് തീവ്രവാദം ഇല്ലാതാക്കി. എവിടെയെങ്കിലും പടക്കം പൊട്ടിയാല്‍ പോലും അതില്‍ പങ്കില്ലെന്നാണ് പാകിസ്ഥാന്‍ പറയുന്നത്. രാജ്യത്ത് തീവ്രവാദ ആക്രമണമുണ്ടായാല്‍ അതിന്റെ പ്രതാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന ഭയം പാകിസ്താനുണ്ടെന്നും യോഗി പറഞ്ഞു.

കഴിഞ്ഞദിവസം രാജസ്ഥാനില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ വിദ്വേഷ പരാമര്‍ശം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കുമെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഉള്‍പ്പെടെ പരാതി ലഭിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.