crime

ബംഗളൂരു: അച്ഛനേയും രണ്ടാനമ്മയേയും സഹോദരനേയും കൊലപ്പെടുത്താന്‍ 65 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയ യുവാവ് അറസ്റ്റില്‍. പണം വാങ്ങിയ ഗുണ്ടകള്‍ സഹോദരനെ കൊലപ്പെടുത്തിയെങ്കിലും ആളുമാറി യുവാവിന്റെ ബന്ധുക്കളേയും കൊലപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ വിനായക് (31) എന്ന യുവാവാണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ സംഘത്തിലെ ഏഴ് പേരെയും അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ഗദഗ് മേഖലയിലാണ് സംഭവം.

തന്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, സഹോദരന്‍ കാര്‍ത്തിക് ബകലെ എന്നിവരെ കൊലപ്പെടുത്താന്‍ ഏഴുപേരുമായി 65 ലക്ഷം രൂപയുടെ ഇടപാട് നടത്തിയിരുന്നു. ഇവരുടെ വീടിനുള്ളില്‍ കയറി മൂവരെയും കൊലപ്പെടുത്താനാണ് കൊലയാളികള്‍ പദ്ധതിയിട്ടിരുന്നത്.

കാര്‍ത്തിക്കിനെ കൊന്നതിന് ശേഷം ഒരു വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലെത്തിയ ചില അതിഥികളെയും അവര്‍ കൊലപ്പെടുത്തി.

കാര്‍ത്തിക് (27), പരശുറാം ഹാദിമാനി (55), ലക്ഷ്മി ഹാദിമാനി (45), ആകാന്‍ക്ഷ ഹാദിമാനി (16) എന്നിവരാണ് മരിച്ചത്. വിനായകും പിതാവും തമ്മില്‍ സ്വത്ത് സംബന്ധമായ തര്‍ക്കം പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തന്റെ പല സ്വത്തുക്കളും വിനായകിന്റെ പേരില്‍ പ്രകാശ് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ചാറു മാസമായി വിനായകന്‍ പിതാവിനോട് ആലോചിക്കാതെ വസ്തുവകകള്‍ വിറ്റു. ഇതാണ് അവരുടെ ബന്ധത്തില്‍ വിള്ളലുണ്ടാവാന്‍ കാരണമായത്.