
കോൺക്രീറ്റ് വേണ്ട; കല്ലും കമ്പിയും സിമന്റും ഒന്നുമില്ല- വന്മരങ്ങളുടെ വേരുകൾകൊണ്ടു മാത്രം ഒരു പാലം! മേഘാലയയിലെ നൊംഗ്ബാരയിൽ ജെയിൻതിയ കുന്നുകളിലാണ് വിചിത്രവും കൗതുകമുണർത്തുന്നതുമായ ഇത്തരം പാലങ്ങൾ. വേരുപാലത്തിലൂടെ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് ഖാസി ഗോത്രക്കാർ നിർമ്മിച്ച ഈ പാലം ലോകശ്രദ്ധ നേടിയത്.ഫിഗസ് എലാസ്റ്റിക്ക എന്ന ശാസ്ത്രീയനാമമുള്ള വന്മരങ്ങളുടെ വേരുകളാണ് ഇത്തരം റൂട്ട് ബ്രിഡ്ജുകൾ നിർമ്മിക്കാൻ മേഘാലയയുടെ വടക്കുകിഴക്കൻ മേഖലയിലെ വനങ്ങളിലുള്ള ഗോത്ര വർഗക്കാർ തെരഞ്ഞെടുക്കുന്നത്. 

ആൽമരത്തിന്റേതു പോലെ, ശിഖരങ്ങളിൽ നിന്ന് താഴേക്കു നീളുന്ന ഏരിയൽ റൂട്ടുകൾ ഉപയോഗിച്ചാണ് പാലത്തിന്റെ നിർമ്മിതി. ഉൾവനങ്ങളിൽ, നദികൾ കടക്കാനും മറ്റുമാണ് ഗോത്ര വർഗക്കാർ ഇത്തരം റൂട്ട് ബ്രിഡ്ജുകളെ ആശ്രയിക്കുന്നത്. എഴുപത്തഞ്ചിലധികം വിദൂര വനഗ്രാമങ്ങളെയാണ് മേഘാലയ സംസ്ഥാനത്ത് ഇത്തരം വേരുപാലങ്ങൾ വഴി ബന്ധിപ്പിച്ചിരിക്കുന്നത് !
പൊള്ളയായ പനത്തടികൾക്കുള്ളിലേക്ക് മരങ്ങളുടെ വേരുകൾ കടത്തിവിട്ടാണ് ഈ പാലങ്ങളുടെ നിർമ്മാണം തുടങ്ങുന്നത്. വേരുകൾ ആ പൊള്ളത്തടിക്കുള്ളിൽ പടർന്നു വ്യാപിച്ച് പാലം പോലെയാകും. വേരുകൾക്ക് ബലംവച്ച് പാലം പോലെ ഉപയോഗിക്കാൻ പതിനഞ്ചു മുതൽ ഇരുപത് വർഷം വരെ വേണ്ടിവരും. എൺപത് വർഷത്തിലധികം പ്രായമുള്ള മരങ്ങളുടെ വേരുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. അമ്പതു വേരുകളുടെ വരെ ഭാരം താങ്ങാൻ റൂട്ട് ബ്രിഡ്ജുകൾക്ക് ശേഷിയുണ്ട്. അഞ്ഞൂറ് വർഷത്തോളം കാലം നിലനിൽക്കുകയും ചെയ്യും.