ipl

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വീണ്ടും തോല്‍വി. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയിനിസിന്റെ തകര്‍പ്പന്‍ സെഞ്ച്വറി 124*(63) മികവില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പരാജയപ്പെടുത്തിയത്. 211 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന എല്‍എസ്ജി മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് സിഎസ്‌കെയുടെ നാലാമത്തെ തോല്‍വിയാണിത്. അത്രയും മത്സരങ്ങളില്‍ നിന്ന് ലക്‌നൗവിന്റെ അഞ്ചാം ജയവും.

സ്‌കോര്‍: ചെന്നൈ 210-4 (20), ലക്‌നൗ 213-4 (19.3)

211 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗവിന്റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 0(3), ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ 16(14) എന്നിവര്‍ പെട്ടെന്ന് മടങ്ങി. നാലാം നമ്പറില്‍ ഇംപാക്ട് സബ് ആയി കളത്തിലിറങ്ങിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ 13(19) മോശം ഫോം തുടര്‍ന്നപ്പോള്‍ ലക്‌നൗ പതറി. എന്നാല്‍ അഞ്ചാമനായി എത്തിയ നിക്കോളസ് പൂരന്‍ 34(15) സ്റ്റോയിനിസിന് മികച്ച പിന്തുണ നല്‍കി. പതിരനയുടെ പന്തില്‍ പൂരന്‍ പുറത്തായെങ്കിലും ദീപക് ഹൂഡ 17*(6) അവസരത്തിനൊത്ത് ഉയര്‍ന്നപ്പോള്‍ ജയം ലക്‌നൗവിന് ഒപ്പം നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 108*(60) സെഞ്ച്വറി നേടി. റഹാനെ 1(3), ഡാരില്‍ മിച്ചല്‍ 11(10) രവീന്ദ്ര ജഡേജ 16(19) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 27 പന്തില്‍ ഏഴ് സിക്‌സും മൂന്ന് ഫോറും സഹിതം 66 റണ്‍സ് നേടിയ ശിവം ദൂബെ ക്യാപ്റ്റനൊപ്പം ചേര്‍ന്ന് സ്‌കോര്‍ 200 കടത്തി. ഒരു പന്ത് നേരിട്ട എംഎസ് ധോണി നാല് റണ്‍സ് നേടി പുറത്താകാതെ നിന്നു.