മുംബയ്: മുംബയ് വിമാനത്താവളത്തിൽ ന്യൂഡിൽസ് പാക്കറ്റുകളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ടുകോടിയുടെ വജ്രം കസ്റ്റംസ് പിടികൂടി. മുംബയിൽനിന്ന് ബാങ്കോക്കിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽ നിന്നാണ് 2.02 കോടി രൂപ വിലവരുന്ന ഡയമണ്ട് പിടിച്ചെടുത്തത്. ഇയാളുടെ സാധനങ്ങൾ പരിശോധിക്കവേ ന്യൂഡിൽസ് പാക്കറ്റുകൾ പൊട്ടിച്ചുനോക്കിയപ്പോഴാണ് ഡയമണ്ട് കണ്ടെത്തിയത്.
യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇതിനുപുറമേ 6.8 കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം 4.44 കോടി രൂപ വിലവരുന്ന സ്വർണമാണ് പത്ത് യാത്രക്കാരിൽ നിന്നായി പിടികൂടിയത്. കൊളംബോ വഴി മുംബയിലെത്തിയ വിദേശ വനിതയിൽനിന്ന് 321 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഉൾവസ്ത്രങ്ങളിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ രണ്ടുപേരും അബുദാബിയിൽ നിന്നെത്തിയ രണ്ടുപേരും പിടിയിലായി. ബഹ്റൈൻ, ദോഹ, റിയാദ്, മസ്ക്കറ്റ്, സിങ്കപ്പൂർ, ബാങ്കോക്ക് എന്നിവിടങ്ങളിൽ നിന്ന് മുംബയിലെത്തിയ ഓരോരുത്തരും പിടിയിലായി. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.