water-metro

കൊച്ചി: ഇരുപത് ലക്ഷം യാത്രക്കാരെന്ന സ്വപ്ന നേട്ടത്തിലേക്ക് കുതിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് നാളെ ഒന്നാം പിറന്നാള്‍. 2023 ഏപ്രില്‍ 25നാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ ഇപ്പോള്‍ 13 ബോട്ടുകളുമായി 7 റൂട്ടുകളിലേക്ക് വ്യാപിച്ചു. ചൊവ്വാഴ്ച ഉച്ചവരെ 19,62,590 പേരാണ് വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്.

വിനോദ സഞ്ചാരികളേറെയെത്തുന്ന ഫോര്‍ട്ട് കൊച്ചിയിലേക്ക് കൂടി സര്‍വീസ് ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണെന്ന് അധികൃതര്‍ പറഞ്ഞു.

10 രൂപയ്ക്കും യാത്ര

20 മുതല്‍ 40 രൂപയാണ് ടിക്കറ്റ് നിരക്ക്.എന്നാല്‍ വിവിധ യാത്രാപാസുകള്‍ ഉപയോഗിച്ച് 10 രൂപ നിരക്കില്‍ വരെ കൊച്ചി വാട്ടര്‍ മെട്രോയില്‍ സ്ഥിരം യാത്രികര്‍ക്ക് സഞ്ചരിക്കാം. സൗത്ത് ചിറ്റൂരില്‍ നിന്ന് ബസില്‍ ഹൈക്കോര്‍ട്ടിലേക്കെത്താന്‍ 18 രൂപ വേണമെന്നിരിക്കെ കൊച്ചി വാട്ടര്‍ മെട്രോയുടെ യാത്രാ പാസ് ഉപയോഗിച്ച് വെറും 10 രൂപയ്ക്ക് പൊതുജനങ്ങള്‍ക്ക് ഇതേ ദൂരം യാത്ര ചെയ്യാം.


ബോട്ടുകളുടെ എണ്ണം വെല്ലുവിളി

പുതിയ റൂട്ടുകള്‍ ആരംഭിച്ചപ്പോഴും ബോട്ടുകളുടെ എണ്ണത്തിലെ പരിമിതികള്‍ സര്‍വീസുകളെ ബാധിക്കുന്നുണ്ട്. സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ റൂട്ടുകള്‍ സ്ഥിരം യാത്രികരെ ആകര്‍ഷിക്കുന്നതിനും വെല്ലുവിളിയാണ്. കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടണ്‍ ഐലന്‍ഡ്, കടമക്കുടി, മട്ടാഞ്ചേരി ടെര്‍മിനലുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

നവീകരണം കാത്ത് കനാലുകള്‍...

കൊച്ചി- ഇടപ്പള്ളി കനാലുകള്‍, ചിലവന്നൂര്‍ കനാല്‍, തേവര കനാല്‍, പേരണ്ടൂര്‍ കനാല്‍, മാര്‍ക്കറ്റ് കനാല്‍, കോന്തുരുത്തി കനാല്‍ എന്നീ കനാലുകളുടെ നവീകരണം ആരംഭിച്ച് പൂര്‍ത്തിയാക്കുന്നതും സര്‍വീസുകള്‍ക്ക് അനുകൂല ഘടകമാകും. 1,528 കോടിയാണ് ഇതിനായി കിഫ്ബിയില്‍ നിന്ന് അനുവദിക്കുക. ഇതിനൊപ്പം വാട്ടര്‍ മെട്രോയുടെ തന്നെ ചെറു ബോട്ടുകളും ഇനി വരാനുണ്ട്. ഇതോടെ മെട്രോ സര്‍വീസിന്റെ റൂട്ടുകളും സര്‍വീസുകളുടെ എണ്ണവും വര്‍ദ്ധിക്കും.