police

കൊച്ചി: പൊള്ളുന്ന ചൂടില്‍ ഒന്ന് തണുപ്പിക്കാന്‍ ഇടയ്ക്കിടെ എ.ടി.എം കൗണ്ടര്‍ കയറിയിറങ്ങുന്നവരെക്കുറിച്ച് ട്രോളുകള്‍ വൈറലാണ്. സമാനമായ സംഭവം ഇപ്പോള്‍ കൊച്ചി സിറ്റി പൊലീസില്‍ ചര്‍ച്ചകള്‍ക്കും വിവാദത്തിനും ഇടയാക്കിയിരിക്കുകയാണ്. രാത്രിയില്‍ കണ്ണിലെണ്ണയൊഴിച്ച് തോക്കുമായി കാവല്‍നില്‍ക്കേണ്ട പാറാവുകാര്‍ സ്റ്റേഷനിലെ എ.സിമുറിയില്‍ കയറി മയങ്ങുന്നുണ്ടെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.

തിങ്കളാഴ്ച എറണാകുളം സെന്‍ട്രല്‍ എ.സി.പി വി.കെ. രാജു പുറത്തിറക്കിയ സര്‍ക്കുലര്‍ ചോര്‍ന്നതോടെയാണ് വിവരം പരസ്യമായത്. സെന്‍ട്രല്‍ ഡിവിഷനിലെ പൊലീസ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് മുന്നറിയിപ്പായാണ് സര്‍ക്കുലര്‍ ഇറക്കിയത്. '' രാത്രികാലങ്ങളില്‍ പാറാവ് ഡ്യൂട്ടിയിലും ജി.ഡി ചാര്‍ജ് ഡ്യൂട്ടിയിലും നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ എസ്.എച്ച്.ഒമാരുടെ മുറിയില്‍ എ.സി ഉപയോഗിച്ച് കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇക്കാര്യത്തില്‍ എസ്.എച്ച്.ഒമാര്‍ ശ്രദ്ധിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു''

'വിവാദ സര്‍ക്കുലറിന്' വഴിവച്ചത് രണ്ട് സ്റ്റേഷനുകളില്‍ 'പാറാവുകാരുടെ ഉറക്കം' കൈയോടെ പിടികൂടിയതിന് പിന്നാലെയെന്നാണ് വിവരം. എറണാകുളം നോര്‍ത്ത്, കടവന്ത്ര സ്റ്റേഷനുകളിലായിരുന്നു എസ്.എച്ച്.ഒമാരുടെ മുറിയില്‍ പാറാവുകാര്‍ ഉറങ്ങിയതത്രേ. കഴിഞ്ഞ ആഴ്ചയിലായിരുന്നു സംഭവങ്ങള്‍. രാത്രികാല പരിശോധനയ്ക്കിടെ സ്റ്റേഷനുകളില്‍ എത്തിയപ്പോഴായിരുന്നു സുരക്ഷ ഉറപ്പാക്കേണ്ട പാറാവുകാരുടെ ഉറക്കം എ.സി.പിയുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. മൂന്ന് പേരാണ് പാറാവ് ഡ്യൂട്ടിയിലുണ്ടാകുക. ഒരാള്‍ക്ക് നിന്നും മറ്റൊരാള്‍ക്ക് ഇരുന്നുമാണ് ഡ്യൂട്ടി. മൂന്നാമന് വിശ്രമമവും. ഡ്യൂട്ടി മാറിമാറിവരും.

എസ്.പിക്കും അതിന് മുകളില്‍ റാങ്കുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമേ പൊലീസ് ചട്ടപ്രകാരം ഓഫീസ് മുറിയില്‍ എ.സിവയ്ക്കാന്‍ അനുവാദമുള്ളൂ. എന്നാല്‍ പ്രിന്‍സിപ്പല്‍ എസ്.ഐവരെ ഇപ്പോള്‍ ഓഫീസില്‍ എ.സിവയ്ക്കുന്നുണ്ട്. സര്‍ക്കുലര്‍ വൈറലായതോടെ എ.സി അഴിച്ചുമാറ്റേണ്ടിവരുമോയെന്ന ആശങ്കയിലാണിവര്‍. സര്‍ക്കുലറിനെതിരെ പൊലീസുകാര്‍ക്കിടയില്‍ അമര്‍ഷം ശക്തമാണ്. സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാണ് ആവശ്യം.