
കത്തിക്കാളുന്ന തീരക്കടൽച്ചൂടിൽ നിന്ന് രക്ഷ തേടി മത്സ്യങ്ങൾ ഉൾക്കടലിലേയ്ക്ക് നീങ്ങിയതോടെ വള്ളക്കാർക്കും ബോട്ടുകാർക്കും എണ്ണച്ചെലവിനുള്ള മത്സ്യം പോലും കിട്ടാത്ത അവസ്ഥയായി. കഷ്ടിച്ച് ഒരുകുട്ട മത്സ്യം പോലുമില്ലാതെ മടങ്ങിവരുന്ന വള്ളക്കാരുമുണ്ട്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അയലയും ചാളയുമാണ് കൂടുതലായി ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഏപ്രിൽ അവസാനിക്കാറായിട്ടും കാര്യമായ കോള് കിട്ടുന്നില്ല. മൺസൂൺ സീസണിലും ട്രോളിംഗ് നിരോധനത്തിന് മുൻപുമാണ് മത്സ്യങ്ങൾ കൂടുതലായി ലഭിച്ചിരുന്നത്. ഒരു ബോട്ട് കടലിൽപ്പോകുമ്പോൾ ഒരു ലക്ഷം രൂപയിലധികമാണ് ചെലവ്. ചെറിയ ബോട്ടുകൾക്കും വള്ളങ്ങൾക്കും തൊഴിലാളികളുടെ കൂലി കൊടുക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഇത് പലരെയും കടക്കെണിയിലേക്ക് തള്ളിവിടുന്നുണ്ട്.
ഉൾക്കടലിലേക്ക് പോയാൽ പോലും മത്സ്യം ലഭിക്കാത്ത അവസ്ഥയാണെന്ന് തൊഴിലാളികൾ പറയുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മത്സ്യം ലഭിക്കുന്നത് വിഴിഞ്ഞത്തിന് വടക്കുവശം മുതൽ കൊച്ചിക്ക് തെക്കുവശം വരെയുള്ള കൊല്ലം ഫിഷിംഗ് ബാങ്കിലാണ്. തെക്ക് ഭാഗത്തേക്ക് യന്ത്രവത്കൃത വള്ളങ്ങൾ പോയിട്ട് മത്സ്യങ്ങൾ കാര്യമായി ലഭിക്കാത്തതിനാൽ വടക്കോട്ടാണ് വള്ളങ്ങൾ ഇപ്പോൾ കൂടുതലായി പോകുന്നത്. ചവറ, നീണ്ടകര, കായംകുളം ഭാഗത്ത് ചേറ് കൂടുതലായതിനാൽ ഇവിടെ ചൂട് കുറവുണ്ടെന്നും മത്സ്യം ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നുമുള്ള വിലയിരുത്തലിലാണ് യന്ത്രവത്കൃത വള്ളങ്ങളും ചെറിയ ബോട്ടുകളും കൂട്ടമായി ഇവിടേയ്ക്ക് എത്തുന്നത്.
ചൂടിനെ പ്രതിരോധിക്കാൻ ഐസ്
ഉൾക്കടലിലേക്ക് യന്ത്രവത്കൃത വള്ളങ്ങളിൽ പോകുമ്പോൾ ചൂടകറ്റാൻ പ്രത്യേക സംവിധാനങ്ങളൊന്നും ഉണ്ടാവില്ല. കനത്ത ചൂട് പലപ്പോഴും തൊഴിലാളികളെ തളർത്താറുണ്ട്. കരയിൽ നിന്ന് പോകുന്നതിന് മുൻപേ ആവശ്യത്തിനുള്ള വെള്ളം ബോട്ടിൽ ശേഖരിക്കും. വെളളം തണുപ്പിക്കാൻ ബോക്സിൽ ഐസും കരുതും. ചൂട് കനക്കുമ്പോൾ ഈ ഐസ് ഉപയോഗിച്ച മുഖം കഴുകിയും ശരീരത്തിൽ ഐസ് വച്ചുമാണ് പ്രതിരോധിക്കുന്നത്.
കനത്തചൂട് മൂലം മത്സ്യലഭ്യതയിൽ കുറവുണ്ടായിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് അധികൃതരും പറയുന്നു. മേയ്, ജൂൺ മാസങ്ങളിൽ മഴ പെയ്താൽ മാത്രമേ മത്സ്യ വർദ്ധനവുണ്ടാവുകയുള്ളൂ. ചൂട് മൂലം മത്സ്യങ്ങളുടെ രുചിയിലും വ്യത്യാസം വന്നിട്ടുണ്ട്. മഴ ലഭിച്ചാൽ കടലിനു പുറമേ കായലിലും മത്സ്യ ലഭ്യത ഉണ്ടാകും. മഴ പെയ്ത് കഴിഞ്ഞാൽ മത്സ്യങ്ങൾക്ക് ഇപ്പോഴുണ്ടായിരിക്കുന്ന രുചിവ്യത്യാസത്തിനും പരിഹാരമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.