
വയനാട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രനും പൊലീസുമായി രൂക്ഷമായ വാക്കുതർക്കം. മാനന്തവാടിയിൽ സ്ഥാപിച്ചിരുന്ന പ്രചാരണ ബോർഡുകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് എടുത്തുമാറ്റിയതാണ് പ്രകോപനത്തിന് കാരണമായത്. തർക്കത്തിനൊടുവിൽ എടുത്തുമാറ്റിയ ബോർഡുകൾ ബിജെപി പ്രവർത്തകർ ബലംപ്രയോഗിച്ച് പിടിച്ചെടുത്ത് നഗരത്തിൽ സ്ഥാപിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം സമാപിക്കുന്ന ഇന്ന് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ വയനാട്ടിൽ എത്തുന്നുണ്ട്. ഇതിന്റെ പ്രചരണത്തിനായി സ്ഥാപിച്ചിരുന്ന ബോർഡുകളാണ് എടുത്തുമാറ്റിയത്. മാനന്തവാടി നഗരത്തിലുടനീളം അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകൾ ഇന്നലെ രാത്രി പ്രവർത്തകർ സ്ഥാപിച്ചിരുന്നു. ബോർഡുകൾ സ്ഥാപിച്ച സ്ഥലത്തെച്ചൊല്ലി ഇന്ന് രാവിലെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരുമായി ബിജെപി പ്രവർത്തകൾ വാക്കുതർക്കത്തിലായി. തുടർന്ന് ഉദ്യോഗസ്ഥർ ബോർഡുകൾ എടുത്തുമാറ്റുകയായിരുന്നു..
വിവരമറിഞ്ഞതോടെ മാനന്തവാടിയിൽ തന്നെയുണ്ടായിരുന്ന കെ സുരേന്ദ്രൻ സംഭവ സ്ഥലത്തേക്ക് എത്തുകയും ഉദ്യോഗസ്ഥരുമായി വാഗ്വാദത്തിൽ ഏർപ്പെടുകയുയമായിരുന്നു. തുടർന്ന് കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ പൊലീസിന്റെ വാഹനത്തിൽ നിന്ന് ബലംപ്രയോഗിച്ച് ബോർഡുകൾ പിടിച്ചെടുക്കുകയും പഴയ സ്ഥലങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു.
ഇന്നുരാവിലെയാണ് അണ്ണാമലൈയുടെ റോഡ് ഷോ. എരുമപ്പെട്ടിയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഗാന്ധിപാർക്കിലാണ് സമാപിക്കുന്നത്.