
ഈ കാലഘട്ടത്തിൽ നിരവധി യുവക്കാൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ഒറ്റപ്പെടലും മാനസിക സമ്മദ്ദവും. ജോലിസ്ഥലം, കോളേജ് എന്നിങ്ങനെ ഇടങ്ങളിൽ നിരവധി പേർ ഉണ്ടെങ്കിലും പലരും അവിടെ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്. പല സാഹചര്യങ്ങളും ഇതിന് കാരണമാകുന്നു. എന്നാൽ ഇത് മറികടക്കാൻ പുതിയ മാർഗം കണ്ടെത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയ. തങ്ങളുടെ തിരക്കിൽ നിന്നും ഒറ്റപ്പെടലിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ജനങ്ങൾ പുതിയ രീതി കണ്ടെത്തിയത്.

ഇതിനായി അവിടെയുള്ള ജനങ്ങൾ ഒരു കല്ലിനെ അവരുടെ കൂടെ കൊണ്ട് നടക്കുന്നു. വളർത്തുമൃഗങ്ങളെ പോലെയാണ് അതിനെ അവർ പരിപാലിക്കുന്നത്. 'പെറ്റ് റോക്ക്' എന്നും ഇതിനെ അറിയപ്പെടുന്നു. ദക്ഷിണ കൊറിയയിലെ ഈ രീതിയെക്കുറിച്ച് സംവിധായകൻ ബോംഗ് ജൂൺ ഹോ തന്റെ 'പാരസെെറ്റ്' എന്ന ചിത്രത്തിൽ പറയുന്നുണ്ട്. കൊവിഡിന്റെ സമയത്താണ് ഈ രീതി പലരും തിരഞ്ഞെടുത്തത്. ഇഷ്ടമുള്ള കല്ലുകൾ കണ്ടെത്തി അവർക്ക് കൗതുകമാർന്ന പേര് നൽകി അലങ്കരിച്ച് അവയെ കൂടെ കൊണ്ട് നടക്കുന്നു. ഒറ്റപ്പെടലിൽ നിന്ന് മറിക്കടക്കാൻ ഇത് സഹായിക്കുമെന്നാണ് കൊറിയക്കാരുടെ അഭിപ്രായം.

വെറുമൊരു കല്ലല്ല
ജോലിയിലെ പിരിമുറുക്കത്തിനും ഏകാന്തതയ്ക്കും പരിഹാരമായാണ് പലരും പെറ്റ് റോക്കുകളെ ഉപയോഗിക്കുന്നത്. ഇവയ്ക്ക് വെറും തുച്ഛമായ വില മാത്രമേ ഉള്ളൂ. 6,000 വോൺ (500രൂപ) മുതൽ 10,000 വോൺ വരെയാണ് ഇതിന്റെ വില. സിയോളിൽ താമസിക്കുന്ന 33കാരനായ കൂ അഹ് യംഗ് താൻ ജോലിസ്ഥലത്തെ കാര്യങ്ങൾ തുറന്നുപറയുന്നത് പെറ്റ് റോക്കിനോടാണെന്ന് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഒപ്പം കൊണ്ട് നടക്കാനും ഇവ വളരെ എളുപ്പമാണ് എന്നത് പെറ്റ് റോക്കിന്റെ മറ്റൊരു ഗുണമാണ്.
'പാൻഡെമിക് കാലത്താണ് ഞാൻ ആദ്യമായി ഒരു പെറ്റ് റോക്ക് വാങ്ങിയത്. ഞാൻ ദൂരെ ജോലി ചെയ്യുമ്പോൾ എന്റെ അരികിൽ എന്തെങ്കിലും ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു. എന്റെ കൂടെ മറ്റൊരാൾ ഉണ്ടെന്ന് ബോദ്ധ്യം തന്നു. അതിനോട് ഞാൻ സംസാരിക്കാറുണ്ട്. പ്രശ്നങ്ങൾ പറയാറുണ്ട്', 29കാരിയായ ലിം എന്ന യുവതി ദി സ്ട്രെയിറ്റ്സ് ടെെംസിനോട് പറഞ്ഞിട്ടുണ്ട്.
i have a pet rock… say hello pic.twitter.com/1Vb39vEWrt
— tabibi🪼🫧 (@miffyleaf) April 17, 2024
ഇത്തരത്തിൽ നിരവധി പേരാണ് പെറ്റ് കല്ല് സ്വീകരിക്കുന്നത്. തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിലെ അതിനെ അലങ്കരിക്കാനും അവർക്ക് സാധിക്കും. പല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ജനങ്ങൾ തങ്ങളുടെ പെറ്റ് റോക്കിനെ കുറിച്ച് പറയാറുണ്ട്. അവയുടെ ചിത്രങ്ങളും പങ്കുവയ്ക്കും. ചിലർ ജീവനുള്ള ഒരു വസ്തുവിനെ പോലെയാണ് കല്ലിനെ പരിചരിക്കുന്നത്.

അതിന് വസ്ത്രം നൽകുക, കിടക്കകൾ ഒരുക്കുക എന്നിങ്ങനെ ചെയ്യുന്നവരും ഉണ്ടെന്ന് ദി സ്ട്രെയിറ്റ് ടെെംസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിക്ടോക്ക് പോലുള്ളവയിൽ ജനങ്ങൾ ഇതിന്റെ അഭിപ്രായങ്ങളുടെ വീഡിയോ ഉൾപ്പെടെ പങ്കുവയ്ക്കുന്നു. അതിനാൽ തന്നെ മറ്റുള്ളവരെ ഇത്തരത്തിലുള്ള കല്ലുകൾ വാങ്ങാൻ ഇത് പ്രേരിപ്പിക്കുന്നു.

കൊറിയയും ഏകാന്തതയും
കേ - പോപ്പ്, കേ ഡ്രാമ എന്നിവയിലൂടെ എല്ലാ രാജ്യങ്ങൾക്കും സുപരിചിതമായ രാജ്യമാണ് ദക്ഷിണ കൊറിയ. എന്നാൽ അവിടെത്തെ ജനങ്ങൾ ജോലി സമയത്തും മറ്റും നിരവധി പ്രശ്നങ്ങൾ നേരിടുന്നു. അതിൽ പ്രധാനപ്പെട്ടവയാണ് സമ്മർദ്ദവും ഏകാന്തതയും. ദക്ഷിണ കൊറിയയിൽ സമ്മർദ്ദവും ഏകാന്തതയും കാരണം ആത്മഹത്യ ചെയ്യുന്നവരുടെ വാർത്തകൾ മുൻപ് ധാരാളമായി വന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പെറ്റ് കല്ല് ഉയർന്ന സമ്മർദ്ദത്തിൽ നിന്നും ഏകാന്തതയിൽ നിന്നും ജനങ്ങളെ രക്ഷിക്കുമെന്നാണ് റിപ്പോർട്ട്. മറ്റ് പല രാജ്യങ്ങളും ഇപ്പോൾ ഈ രീതി പിൻതുടരാൻ ശ്രമിക്കുന്നുണ്ട്. വളർന്നുവരുന്ന ഡിജിറ്റൽ ലോകത്ത് പെറ്റ് റോക്കുകൾ ഇനി ഒരു സുപ്രധാന ഘടകമായി മറുമെന്നത് ഉറപ്പ്.