k-dilna

പായ്‌ക്കപ്പലിൽ ലോകം ചുറ്റുന്ന സാഹസികതയിൽ കമാൻഡർ അഭിലാഷ് ടോമിയുടെ പിൻഗാമിയാകാൻ നാവികസേനയിലെ മലയാളി വനിത. ലഫ്റ്റനന്റ് കമാൻ‌ഡർ കെ. ദിൽനയാണ് പുതിയ സാഹസിക യാത്രയ്ക്ക് ഒരുങ്ങുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിലെ പവിഴദ്വീപായ മൗറീഷ്യസിലേക്കും തിരിച്ചും ഒന്നര മാസം നീണ്ട ആദ്യ സമുദ്ര‌യാത്ര കഴിഞ്ഞെത്തിയ ദിൽന ഉടൻ ലോകപര്യടനത്തിനുള്ള അന്തിമ പരിശീലനം തുടങ്ങും. സെപ്തംബറിലാണ് ലോകസഞ്ചാരം തുടങ്ങുന്നത്. മൗറീഷ്യസ് പര്യവേഷണം നടത്തിയ ഇന്ത്യൻ നേവി സെയിലിംഗ് വെസൽ (ഐ.എൻ.എസ്.വി ) താരിണി എന്ന പായ്‌ക്കപ്പലിൽ തന്നെയാകും ഭൂമി ചുറ്റുന്നതും.

പുതുച്ചേരി സ്വദേശിനി ലഫ്. കമാൻഡർ എ. രൂപയായിരുന്നു കൂട്ട്. ലോകപര്യടനവും ഇരുവരും ഒരുമിച്ചാകുമെന്നാണ് സൂചന. ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് ഇവർ കഴിഞ്ഞദിവസം ഗോവയിലെ ബേസ് പോർട്ടിൽ തിരിച്ചെത്തി. ഫെബ്രുവരി 28ന് ഇരുവരുടെയും യാത്ര ഫ്ലാഗ്ഓഫ് ചെയ്തത് അഭിലാഷ് ടോമിയായിരുന്നു.

വനിതാ നാവികരെ ഇന്ത്യ സാഹസിക പര്യവേഷണത്തിന് അയയ്‌ക്കുന്നത് ഇതാദ്യമായാണ്. മാരിടൈം മേഖലയിൽ ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഉറപ്പാക്കാനാണിതെന്ന് സേന വ്യക്തമാക്കുന്നു. ദിൽനയും രൂപയും നിയന്ത്രിച്ച താരണി 22 ദിവസം സഞ്ചരിച്ചാണ് മൗറീഷ്യസ് തീരത്തെത്തിയത്. മൗറീഷ്യസ് കോസ്റ്റ്ഗാർഡും ഇന്ത്യൻ സ്ഥാനപതികാര്യാലയവും സ്വീകരണം നൽകി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മൗറീഷ്യസ് തീരസേനയ്ക്കൊപ്പം 'താരിണി' സംയുക്ത പരിശീലനവും നടത്തി. മാർച്ച് 30ന് പോർട്ട് ലൂയിസിൽ നിന്നുള്ള മടക്കയാത്രയിൽ കടലിൽ കോളിളക്കവും കാറ്റും നേരിട്ടിരുന്നു.

ലഫ്. കമാൻഡർ കെ. ദിൽന

2014ൽ ലോജിസ്റ്റിക് ഓഫീസറായി നേവിയിൽ. ക്രിക്കറ്റിലും ഷൂട്ടിംഗിലും മികവ്. നേവി ഷൂട്ടിംഗ് ടീമിലും അംഗമായിരുന്നു. കഴിഞ്ഞവ‌ർഷം മറ്റ് നാവികർക്കൊപ്പം 17,000 നോട്ടിക്കൽ മൈൽ പരിശീലനയാത്ര. കോഴിക്കോട് സ്വദേശിനിയാണ്. സൈനിക ഉദ്യോഗസ്ഥനായിരുന്ന പരേതനായ ടി. ദേവദാസിന്റെയും റീജയുടെയും മകൾ. ഭർത്താവ് ധനേഷ് കുമാറും നേവിയിൽ ലഫ്റ്റനന്റ് കമാൻഡർ.

താരിണി

ഇന്ത്യൻ നേവിയുടെ രണ്ടാമത്തെ പായ്‌ക്കപ്പലാണ് താരിണി. (ആദ്യത്തേത് ഐ.എൻ.എസ്.വി മാദീ ). ഒഡിഷയിൽ പതിനേഴാം നൂറ്റാണ്ടിൽ

കലിംഗചക്രവർത്തിമാർ നിർമ്മിച്ച താരാ താരണീ ആദിശക്തി ക്ഷേത്രത്തിന്റെ പേരാണ് പായ്‌ക്കപ്പലിന്. പുരാതന ഒഡിഷയിലെ സമുദ്രവ്യാപാരികളുടെയും നാവികരുടെയും കുലദേവതയാണ് താരാ താരിണീ ദേവി.