
പാലാ: ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് അഞ്ച് ലക്ഷം രൂപ മുടക്കി പണിതു... ഒരാൾക്ക് പോലും പ്രയോജനപ്പെട്ടില്ല.. അഞ്ച് വർഷം കഴിഞ്ഞപ്പോൾ ഇതാ പൊളിച്ചുകളയുന്നു. പറഞ്ഞുവരുന്നത് പാലാ സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിലെ കംഫർട്ട് സ്റ്റേഷന്റെ കാര്യമാണ്.
സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിൽ എത്തുന്ന നൂറു കണക്കിന് ജനങ്ങളുടെ നിരന്തര ആവശ്യ പ്രകാരമാണ് 2019 ൽ സിവിൽ സ്റ്റേഷന്റെ പിൻഭാഗത്തായി അഞ്ചു ലക്ഷം രൂപ മുടക്കി നഗരസഭ കംഫർട്ട് സ്റ്റേഷൻ സ്ഥാപിച്ചത്. 2019ൽ തന്നെ ഉദ്ഘാടനം കഴിഞ്ഞെങ്കിലും 2024വരെ ഇത് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല. കംഫർട്ട് സ്റ്റേഷനിലേക്ക് ആവശ്യമായ വെള്ളവും വെളിച്ചവും എത്തിക്കാൻ അധികാരികൾക്ക് കഴിഞ്ഞില്ല. പ്രശ്‌നം പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തുനിന്ന് ഒരു നീക്കവുമുണ്ടായില്ല.
ലക്ഷങ്ങൾ മുടക്കിയ കംഫർട്ട് സ്റ്റേഷൻ തുറന്നുകൊടുക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി പൊതുപ്രവർത്തകനായ പി. പോത്തൻ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും എത്രയും വേഗം ഇത് തുറന്നുകൊടുക്കാൻ കമ്മീഷൻ പാലാ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും ഗൗനിക്കാതെ ഈ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുകളയാനുള്ള നീക്കമാണിപ്പോൾ തകൃതിയായി നടക്കുന്നത്. ഇവിടം കാർ പാർക്കിംഗിനോ മറ്റാവശ്യങ്ങൾക്കോ വേണ്ടി ഉപയോഗിക്കാനാണ് അധികാരികളുടെ ഇപ്പോഴത്തെ നീക്കം. ഇതിനെതിരെ പാലാ പൗരാവകാശ സമിതി ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ രംഗത്ത് വന്നുകഴിഞ്ഞു.
ജനങ്ങളുടെ നികുതിപ്പണം ഇങ്ങനെ ധൂർത്തടിക്കരുത്: പാലാ പൗരാവകാശ സമിതി
ജനങ്ങളുടെമേൽ ഭീമമായ നികുതികൾ ഏർപ്പെടുത്തിയതിനുശേഷം വാങ്ങുന്ന പണം ഉപയോഗിച്ചാണ് ഈ ശുചിമുറികൾ നിർമ്മിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ട അധികാരികൾ ഓർക്കണമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കൽ. വികസനമെന്ന പേരിൽ ഓരോരോ പദ്ധതികൾ കൊണ്ടുവരികയും ലക്ഷങ്ങൾ ഇതിനായി ചെലവഴിച്ചതിനുശേഷം അഞ്ചും, പത്തും വർഷങ്ങൾ കഴിഞ്ഞാലും ജനങ്ങൾക്ക് ഉപകാരമില്ലാതെ നശിപ്പിക്കുന്ന നിലപാട് ബന്ധപ്പെട്ട അധികാരികൾ തീരുത്തണമെന്നും പൗരാവകാശ സമിതി ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എന്നിവർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും ജോയി കളരിക്കൽ പറഞ്ഞു.