
വൈറൽ ഹെപ്പറ്റൈറ്റിസ് പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദ്ദേശം. വൈറൽ ഹെപ്പറ്റൈറ്റിസ് മൂലമുണ്ടാകുന്ന കരൾ വീക്കത്തിന് കാരണമാകുന്ന വൈറസുകൾ ഹെപ്പറ്റൈറ്റിസ് എ,ബി,സി,ഡി, ഇ എന്നിവയാണ്. കരളിനെ ബാധിക്കുന്ന ഹെപ്പറ്റൈറ്റിസ് വകഭേദങ്ങളായ ബി, ഡി,സി എന്നിവ പകരുന്നത് അണുവിമുക്തമാക്കാത്ത സൂചിയിലൂടെയും ഉപകരണങ്ങളിലൂടെയും സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കുന്നതിലൂടെയും സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെയും രോഗബാധിതയായ അമ്മയിൽ നിന്നും കുഞ്ഞിലേക്കുമാണ്.
ഹെപ്പറ്റൈറ്റിസ് എയും ഇയും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരും.രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾത്തന്നെ പരിശോധന നടത്തി ചികിത്സ തേടണം. രോഗസാദ്ധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
പ്രതിരോധ മാർഗങ്ങൾ
1.ഹെപ്പറ്റൈറ്റിസ് എ, ഇ
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
നന്നായി പാചകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.
ഭക്ഷണം പാചകം ചെയ്യുന്ന അവസരങ്ങളിലും, വിളമ്പുമ്പോഴും കഴിക്കുന്ന സമയത്തും കൈകൾ ശുചിയാണെന്ന് ഉറപ്പുവരുത്തുക.
മലമൂത്ര വിസർജ്ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ ശുചിയാക്കുക.
2.ഹെപ്പറ്റൈറ്റിസ് ബി,ഡി,സി
ഗർഭിണിയായിരിക്കുമ്പോൾ ഹെപ്പറ്റൈറ്റിസ് പരിശോധന നടത്തുക.
കുഞ്ഞുങ്ങൾക്ക് ജനിച്ച ഉടൻ പ്രതിരോധ കുത്തിവയ്പ്പ് നൽകുക.
രക്തം സ്വീകരിക്കേണ്ടിവരുമ്പോൾ അംഗീകൃത രക്തബാങ്കുകളിൽ നിന്ന് മാത്രം സ്വീകരിക്കുക.
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടരുത്
അശാസ്ത്രീയമായ രീതിയിൽ ടാറ്റു ചെയ്യരുത്.
ഷേവിംഗ് റേസറുകൾ, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.
സൂചിയും സിറിഞ്ചും പങ്കിടരുത്.