bryan-johnson

അമേരിക്കൻ സംരംഭകനും സോഫ്‌ട്‌വെയർ മേഖലയിൽ നിന്നുള്ള കോടീശ്വരനുമായ ബ്രയാൻ ജോൺസൺ തന്റെ പ്രായത്തെ പിന്നിലാക്കി മരണത്തെ പറ്റിക്കാനുള്ള പ്രയത്നത്തിലാണ്. കഴിഞ്ഞ മൂന്ന് വർഷമായി താൻ പ്രായത്തെ പിന്നോട്ടുകൊണ്ടുപോവുകയാണെന്ന് ബ്രയാൻ വെളിപ്പെടുത്തുന്നു. ഇതിനായി പിന്തുടരുന്ന ഡയറ്റ് സ്വന്തം യുട്യൂബ് വീഡിയോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് 46കാരനായ ടെക് ഭീമൻ.

കഴിഞ്ഞ മൂന്ന് വർഷമായി താൻ പതിവായി ചോക്‌ളേറ്റ് കഴിക്കാറുണ്ടെന്നും ഇതാണ് പ്രായത്തെ പിടിച്ചുകെട്ടാൻ തന്നെ സഹായിക്കുന്നതെന്നും ബ്രയാൻ പറയുന്നു. കൊക്കോ പതിവായി കഴിക്കുന്നതിലൂടെ ശരീരത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആരോഗ്യപരമായ അളവിൽ നിത്യവും കൊക്കോ ഭക്ഷിക്കുന്നത് തലച്ചോറിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് സഹായിക്കുമെന്നും ഓർമ്മശക്തി വർദ്ധിപ്പിക്കുമെന്നും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. എന്നാൽ കടകളിൽ കിട്ടുന്ന എല്ലാ തരത്തിലെ കൊക്കോയും ഇതിന് സഹായിക്കില്ലെന്ന് അദ്ദേഹം എടുത്തുപറയുന്നു.

ശുദ്ധമായ കൊക്കോ ആണോയെന്ന് പരിശോധിക്കുക, അഴുകാത്തതാണെന്ന് ഉറപ്പുവരുത്തുക, കനത്ത ലോഹങ്ങൾ അടങ്ങിയിട്ടുണ്ടോയെന്ന് പരിശോധിക്കുക, ഫ്ളാവനോളിന്റെ അളവ് കൂടുതലാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ബ്രയാൻ നിർദേശിക്കുന്നു.

'ആന്റി ഏജിംഗ്' എന്ന പ്രക്രിയയോട് അടങ്ങാത്ത അഭിനിവേശമുള്ളയാളാണ് ബ്രയാൻ. തന്റെ യഥാർത്ഥ പ്രായത്തിൽ നിന്ന് അഞ്ചുവയസോളം പിന്നിലാക്കിയതായി അദ്ദേഹം അവകാശപ്പെടുന്നു. പ്രത്യേക ഭക്ഷണക്രമം, മെഡിക്കൽ നിരീക്ഷണം, ചികിത്സകൾ, വ്യായാമം എന്നിവ ഉൾപ്പെടുന്ന 'പ്രോജക്ട് ബ്ലൂപ്രിന്റിൽ' അദ്ദേഹം വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 18 വയസുകാരന്റെ ശ്വാസകോശ ശേഷിയും ശാരീരിക ക്ഷമതയും 37 കാരന്റെ ഹൃദയവും 28കാരന്റെ ചർമ്മവുമാണ് 46ാം വയസിൽ തനിക്ക് ഉള്ളതെന്നും ബ്രയാൻ പറയുന്നു. സ്വയം വികസിപ്പിച്ച മറ്റൊരു ചികിത്സാരീതിയിലൂടെ മുടികൊഴിച്ചിൽ മാറ്റാൻ സാധിച്ചതായും ബ്രയാൻ അവകാശപ്പെടുന്നു. 400 ദശലക്ഷം ഡോളറിന്റെ സമ്പത്താണ് ബ്രയാനുള്ളത്. 18കാരനായ ടാൾമേജിന്റെ പിതാവ് കൂടിയാണ് 46കാരനായ ബ്രയാൻ.