manjummel-boys

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്‌സ്' എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ഷോൺ ആന്റണി,​ സൗബിൻ ഷാഹിർ,​ ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. ക്രിമിനൽ ഗൂഢാലോചന ,​ വിശ്വാസ വഞ്ചന,​ വ്യാജരേഖ ചമയ്‌ക്കൽ എന്നീ വകുപ്പുകളിലാണ് കേസ്. നേരത്തെ പറവ ഫിലിംസിന്റെയും, പാർട്‌ണർ ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചിരുന്നു.

മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമാണത്തിന് ഏഴു കോടി രൂപ മുതൽ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. 40ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്ത നിർമാതാക്കൾ പണം കെെപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിലെ ആരോപണം.

കൂടാതെ ഒടിടി പ്ലാറ്റ്‌ഫോം റെെറ്റ്സ് നൽകിയതിലൂടെ 20കോടിയോളം രൂപ വേറെയും ചിത്രത്തിന്റെ നിർമ്മാതാക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. ഹർജിയിൽ ചിത്രത്തിന്റെ നിർമാതകളായ സൗബിൻ ഷാഹിർ,​ ബാബു ഷാഹിർ എന്നിവർക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. പിന്നാലെയാണ് കേസെടുത്തത്.

ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്‌സ്' മലയാളത്തിലെ ആദ്യ 200 കോടി ചിത്രമാണ്. തമിഴ്‌നാട്ടിലും സിനിമ ഹിറ്റായിരുന്നു. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.