vishnu-unnikrishnan

തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ആയ വിവരം കഴിഞ്ഞ ദിവസം നടൻ വിഷ്‌ണു ഉണ്ണികൃഷ്ണൻ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. ഹാക്ക് ചെയ്തവർ നിരവധി അശ്ലീല ചിത്രങ്ങൾ ഈ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് അത് താൻ അല്ലെന്ന് പറഞ്ഞ് താരം രംഗത്തെത്തിയത്.

ഇപ്പോഴിതാ ഫേസ്ബുക്ക് പേജ് തിരിച്ച് കിട്ടിയ സന്തോഷ വാർത്ത പങ്കുവച്ചിരിക്കുകയാണ് വിഷ്‌ണു. പേജ് തിരിച്ച് കിട്ടിയ വിവരം ഒരു നീണ്ട കുറിപ്പിലൂടെയാണ് നടൻ അറിയിച്ചത്. പാകിസ്ഥാനിൽ നിന്നാണ് ലോഗിൻ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം

എന്റെ ഫേസ്ബുക് പേജ് തിരിച്ചു കിട്ടി. പേജിലെ വശപിശക് പോസ്​റ്റുകൾ കണ്ട്, ഹാക്കിംഗ് ആണെന്ന് മനസിലാക്കിയ ഉടനെ എന്നെ വിവരം അറിയിക്കാൻ ശ്രമിച്ച ആയിരക്കണക്കിന് സുഹൃത്തുക്കൾക്ക് നന്ദി....

ഇന്നലെ മുതൽ എന്റെ ഫേസ്ബുക് പേജ് ആരോ ഹാക്ക് ചെയ്‌തെടുത്ത് പല തരത്തിലുള്ള അശ്ലീല ചിത്രങ്ങളും വീഡയോയും പോസ്​റ്റ് ചെയ്യുകയും, ചിലരോട് പണം ആവശ്യപ്പെട്ട് മെസ്സേജ് അയക്കുകയും ചെയ്തതായി അറിഞ്ഞു. ഇന്നലെ രാത്രി തന്നെ സൈബർ സെല്ലിൽ വിവരം അറിയിക്കുകയും ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ചു തരുകയും ചെയ്യാൻ സഹായിച്ച ജിനു ബ്രോയ്ക്കും, ജിയാസ് ജമാലിനും ഒരു ലോഡ് നന്ദി. ഹാക്കർ ലോഗിൻ ചെയ്തിരിക്കുന്നതായി കണ്ടത് പാകിസ്ഥാനിൽ നിന്ന്‌.