തൃക്കരിപ്പൂർ: അടുത്തടുത്ത ദിവസങ്ങളിലായി പരിസര പ്രദേശങ്ങളിൽ സമാന രീതിയിലുണ്ടായ മോഷണം നാട്ടുകാരെ ആശങ്കയിലാക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിറ്റി ജംഗ്ഷനിലെ വീട് കുത്തിത്തുറന്ന് മോഷണം നടന്ന സംഭവത്തിന് ശേഷം കഴിഞ്ഞ ദിവസം തൊട്ടടുത്ത പരുത്തിച്ചാലിലും ഇതേ രീതിയിൽ മോഷണം നടന്നു. വീട്ടുകാർ വീട്ടിലില്ലാത്ത സമയത്താണ് രണ്ടു സംഭവങ്ങളും നടന്നത്.

ഇതോടെ വെക്കേഷൻ ചെലവഴിക്കാനായി ടൂറിന് പോയതും പോകാനൊരുങ്ങുന്ന കുടുംബങ്ങളുമാണ് ആധിയിലായത്. ആയിറ്റി ജംഗ്ഷനിലെ ഇസ്‌മായിലിന്റെ വീട്ടിലാണ് ആദ്യ മോഷണം നടന്നത്. വീടിന്റെ പിറക് വശത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ബെഡ് റൂമിലെ അലമാരയിൽ സൂക്ഷിച്ച അരപവന്റെ സ്വർണ്ണാഭരണവും 58,000 രൂപയുമാണ് കവർന്നത്. ഇതിന്റെ അന്വേഷണം തുടരുന്നതിനിടയിലാണ് കഷ്ടിച്ച് ഒരു കിലോമീറ്ററിനുള്ളിൽ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം.

കഴിഞ്ഞ ദിവസം പരുത്തിച്ചാലിലെ എം.വി.രവീന്ദ്രന്റെ വീട്ടിൽ നിന്നും കവർച്ച നടത്തിയ സംഘം 10 പവനും 15,000 രൂപയുമാണ് മോഷ്ടിച്ചത്. കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 13 മോതിരങ്ങൾ, മൂന്നു ജോഡി കമ്മൽ, വള, താലിമാല, വാച്ച്, 15,000 രൂപ എന്നിവയാണ് കവർച്ച ചെയ്തത്. രവീന്ദ്രനും ഭാര്യയും ബംഗളൂരുവിൽ മകളുടെ വീട്ടിൽ പോയിരുന്നതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു.

കഴിഞ്ഞദിവസം വീട്ടിൽ ചെടികൾക്ക് വെള്ളമൊഴിക്കാൻ എത്തിയ ബന്ധുവാണ് വാതിൽ തുറന്നിട്ടിരിക്കുന്നത് കണ്ടത്. തുടർന്നു വീടിന് അകത്തു കയറി പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി ബോധ്യപ്പെട്ടത്. രണ്ടു സംഭവത്തിന് ശേഷവും ചന്തേര പൊലീസും കാസർകോട് നിന്നെത്തിയ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവരും പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചുവെങ്കിലും പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്.