ഒറ്റപ്പാലം: ലക്കിടി മുളഞ്ഞൂരിൽ ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണ താലിമാല കവർന്ന റെയിൽവേ ജീവനക്കാരനടക്കം രണ്ട് പേർ പിടിയിൽ. റെയിൽവേ ജീവനക്കാരനായ കയറംപാറ ആലിക്കൽ വീട്ടിൽ അശോക് കുമാർ(40), മീറ്റ്ന എസ്.ആർ.കെ നഗർ ചമ്പക്കര വീട്ടിൽ പ്രശാന്ത്(40) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. മുളഞ്ഞൂർ മന്നത്ത് കാവ് പറമ്പിൽ ശേഖരന്റെ ഭാര്യ രമയുടെ രണ്ടേകാൽ പവൻ തൂക്കം വരുന്ന സ്വർണമാലയാണ് ബൈക്കിലെത്തിയ ഇവർ പിടിച്ചു പറിച്ചത്. അറസ്റ്റിലായ അശോക് കുമാർ വല്ലപ്പുഴ റെയിൽവേ ഗേറ്റിലെ ഗേറ്റ് കീപ്പറാണ്. ഏപ്രിൽ 18 ന് ഉച്ചക്ക് 12 മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന വാഴ തോട്ടം നനക്കുന്നതിനായി രമ പോകുന്നതിനിടയിൽ ബൈക്കിലെത്തിയ അശോക് കുമാറും പ്രശാന്തും വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തുകയായിരുന്നു. തുടർന്ന് പിന്നിലിരുന്ന അശോക് കുമാർ മാല പിടിച്ചു പറിക്കുകയായിരുന്നു.
രമ ഒറ്റപ്പാലം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി.ടി.വി നിരീക്ഷണ ദൃശ്യങ്ങളും പ്രതികൾ ഉപയോഗിച്ച സ്‌കൂട്ടറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. സ്‌കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സ്‌കൂൾപഠന കാലം മുതലുള്ള സുഹൃത്തുക്കളാണ്.