തിരുവനന്തപുരം : ഓൺലൈൻ ഭക്ഷണ ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗിയിലെ ജീവനക്കാരനെ സ്ഥാപനത്തിലെ ജീവനക്കാർ മർദ്ദിച്ചെന്ന് പരാതി.മർദ്ദനത്തിൽ പരിക്കേറ്റ വിതുര സ്വദേശി സിദ്ദിഖിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 9.30ന് പട്ടം വൈദ്യുതിഭവന് സമീപത്തെ ഇൻസ്റ്റാമർട്ടിലായിരുന്നു സംഭവം.ഓർഡർ ലഭിച്ച സാധനം എടുക്കാനായി ഹെൽമറ്റ് ധരിച്ച് സിദ്ദിഖ് കടയിലേക്ക് കയറി. ഇത് ചോദ്യം ചെയ്ത് വാക്കേറ്റമായി. ഹെൽമറ്റ് മാറ്റാതെ സാധനം നൽകില്ലെന്ന് കടയിലുണ്ടായിരുന്നവർ പറഞ്ഞെന്നും അതേ ഹെൽമറ്റ് ഉപയോഗിച്ച് സിദ്ദിഖിന്റെ മുഖത്തടിച്ചെന്നുമാണ് പരാതി.മർദ്ദനത്തിൽ ഇയാളുടെ പല്ല് നഷ്ടപ്പെട്ടെന്നും പരാതിയിലുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് സ്വിഗ്ഗി വർക്കേഴ്സ് യൂണിയൻ ഇൻസ്റ്റാമാർട്ടിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. സിദ്ദിഖ് ഓൺലൈനായി പൊലീസിന് പരാതി നൽകി.