
തിരുവനന്തപുരം: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ വനിതകൾക്കും അംഗപരിമിതർക്കും മുതിർന്ന പൗരന്മാർക്കും അന്ധർക്കും മുൻകൂട്ടി ബുക്ക് ചെയ്യുന്ന സീറ്റുകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. റിസർവേഷൻ സംവിധാനമുള്ള ഫാസ്റ്റ്പാസഞ്ചർ ബസുകളിൽ 8, 9, 10, 13, 14, 15 സീറ്റുകൾ പുരുഷ യാത്രക്കാർക്ക് ബുക്ക് ചെയ്യാവുന്ന തരത്തിലായിരുന്നു നേരത്തേ ക്രമീകരിച്ചിരുന്നത്. ഇത് ബസിൽ നിന്ന് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വനിതാ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി പരാതികൾ ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകുമ്പോൾ 3, 4, 5,8,9,10,13,14,15 എന്നീ സീറ്റുകൾ സ്ത്രീ യാത്രക്കാർക്ക് മാത്രമായി ബുക്ക് ചെയ്തു നൽകുന്നതിനായി ഓൺലൈൻ റിസർവേഷനിലും കൗണ്ടർ ബുക്കിംഗിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കെഎസ്ആർടിസി അറിയിച്ചു.
ഇതിനൊപ്പം മുതിർന്ന പൗരന്മാർ,അംഗപരിമിതർ, അന്ധർ തുടങ്ങിയവർക്കായുള്ള 21, 22,26,27,31,47, 52 സീറ്റുകൾ മറ്റുയാത്രക്കാർ ബുക്ക് ചെയ്യുന്നത് കാരണം ആവശ്യകതയുള്ള യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് ഈ നമ്പറുകളിലെ സീറ്റുകളിലും ഓൺലൈൻ, കൗണ്ടർ ബുക്കിംഗ് ഒഴിവാക്കിയിട്ടുണ്ട്.
ഫ്ളക്സി നിരക്ക്
അന്യസംസ്ഥാന യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്, മദ്ധ്യവേനൽ അവധി കഴിയുംവരെ ഫ്ളക്സി നിരക്ക് ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി. മേയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് പ്രത്യേക നിരക്ക്. അന്തർസംസ്ഥാന ബസുകളുടെ ടിക്കറ്റ് നിരക്ക് ക്രമീകരിക്കുന്ന സംവിധാനമാണ് ഫ്‌ളക്‌സി ചാർജ്. യാത്രക്കാർ കുറവുള്ള ചൊവ്വ മുതൽ വ്യാഴം വരെ 15 ശതമാനം വരെ നിരക്ക് കുറച്ചും വെള്ളി മുതൽ തിങ്കൾ വരെ 30 ശതമാനം വരെ ഉയർന്ന നിരക്കിലുമാവും സർവീസ്. അന്യസംസ്ഥാന യാത്രക്കാർ സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത് തടയുക എന്നതാണ് ലക്ഷ്യം. ഇതിനേക്കാൾ ഉയർന്ന നിരക്കാണ് സ്വകാര്യ ബസുകൾക്ക്. കഴിഞ്ഞ മാസം ഫിനാൻഷ്യൽ അഡ്വൈസർ ആൻഡ് ചീഫ് അക്കൗണ്ട്സ് ഓഫീസറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.