tourist

തിരുവനന്തപുരം:‌ ശുദ്ധവായു ശ്വസിക്കാൻ ലൈവ് ഓക്സിജൻ പാർലർ എന്ന സന്ദേശവുമായി ഹരിതകേരള മിഷൻ ഈ വർഷം സംസ്ഥാനത്ത് 1000 പച്ചത്തുരുത്ത് ഒരുക്കും. 2800 പച്ചത്തുരുത്തുകളുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ 2324 മാത്രം. ഇത് 300 ഹെക്ടറിലാണ്.

പരിപാലനമില്ലായ്മയും ജലദൗർലഭ്യവും 476 പച്ചത്തുരുത്തകൾ ഇല്ലാതാക്കി. ഇവ നവീകരിക്കും. ഓരോ ജില്ലകളിലും സാധാരണ പച്ചത്തുരുത്ത് വ്യാപിപ്പിച്ച് അ‌ഞ്ച് മാതൃകാ പച്ചത്തുരുത്തുകൾ ഒരുക്കും. ജൈവവൈവിദ്ധ്യ മാതൃകകളായ ഇവ വിദ്യാർത്ഥികളുടെ പഠനത്തിന് ഉപകരിക്കും. സസ്യങ്ങളുടെ വിവരങ്ങൾ ബോർഡുകളിൽ രേഖപ്പെടുത്തും. ചെറിയ വനമെന്ന രീതിയിൽ ജനങ്ങൾക്ക് വിനോദത്തിനും വിജ്ഞാനത്തിനും സൗകര്യങ്ങൾ ഒരുക്കും. ജൂണിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കും.

കാവുകളുടെ പുനരുജ്ജീവനം

കാവുകളുടെ പുനരുജ്ജീവനവും മിഷൻ ലക്ഷ്യമിടുന്നു

പാരിസ്ഥിതിക പ്രാധാന്യമുള്ള വനാവശിഷ്ടങ്ങളാണ് കാവുകൾ. കാവിൽ ഒരാവാസ്ഥ വ്യവസ്ഥയുണ്ട്. വായു, ജലം, മണ്ണ് എന്നിവ സംരക്ഷിക്കുന്നതിൽ കാവുകൾക്ക് വലിയ പങ്കുണ്ട്. ഇതുവരെ 116 കാവുകളാണ് പുനരുജ്ജീവിപ്പിച്ചത്. ഏറ്റവും കൂടുതൽ കാവുകൾ കാസർകോട് ജില്ലയിലാണ് - 70. നാശാവസ്ഥയിലുള്ള സ്വകാര്യ കാവുകൾ സംരക്ഷിക്കാനുള്ള ബോധവത്കരണവും ആരംഭിച്ചു.

ഏറ്റവും വലുത് കണ്ണൂരിൽ

സംസ്ഥാനത്തെ ഏറ്റവും വലിയ പച്ചത്തുരുത്ത് കണ്ണൂരിലാണ്. മുഴക്കുന്ന് പഞ്ചായത്തിൽ136 ഏക്കറിൽ. ചവറ കെ.എം.എം.എലിന്റെ 25 ഏക്കറിലും പച്ചത്തുരുത്ത് നിർമ്മിക്കും. റെയിൽവേ വികസനത്തിന് കണ്ടൽക്കാടുകൾ വെട്ടിയതിന് പകരമായി തെക്കൻ ജില്ലകളിൽ റെയിൽവേയും 7.5 ഏക്കറിൽ കണ്ടൽക്കാടുകളോ പച്ചത്തുരുത്തുകളോ നിർമ്മിക്കുന്നുണ്ട്. ദേവസ്വംബോർഡിന്റെ സ്ഥലങ്ങളിൽ ദേവഹരിതം എന്ന പേരിലും പച്ചത്തുരുത്തുകൾ പിടിപ്പിക്കുന്നുണ്ട്.

പച്ചത്തുരുത്തുകൾ വ്യാപിക്കുകയാണ് ലക്ഷ്യം. ഈ വർഷം 1000എണ്ണം ഒരുക്കും. കാവുകൾ വീണ്ടെടുക്കാനും ശ്രമമുണ്ട്.

സഞ്ജീവ് എസ്.യു

ഹരിത കേരള മിഷൻ കൺസൾട്ടന്റ്‌