തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി നിൽക്കേ തിരുവനന്തപുരം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ വിജയപ്രതീക്ഷയിലാണ്. മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സ്ഥാനാർത്ഥിയാണ് അദ്ദേഹം. വീട്ടിലെ ഒരംഗത്തെപ്പോലെ, തൊഴിലിടത്തിലെ സഹപ്രവർത്തകനെപ്പോലെ സാധാരണക്കാർ അദ്ദേഹത്തെ കാണുന്നു. സ്ഥാനാർത്ഥി എന്ന നിലയിലുള്ള തന്റെ പ്രതീക്ഷകളും ചിന്തകളും പന്ന്യൻ കേരളകൗമുദിയുമായി പങ്കുവയ്‌ക്കുന്നു.
? ഈ തിരഞ്ഞെടുപ്പിൽ
മുന്നോട്ടുവയ്ക്കുന്ന
രാഷ്ട്രീയം എന്താണ്
രാജ്യത്ത് അധികാരത്തിലിരിക്കുന്ന സംഘപരിവാർ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ വിധിയെഴുത്തുണ്ടാകണം. ഇന്ത്യയുടെ മതനിരപേക്ഷ പാരമ്പര്യം ഇല്ലതാക്കാനാണ് കേന്ദ്ര സർക്കാർ പരിശ്രമിക്കുന്നത്. ജനാധിപത്യം ഇന്ത്യയിൽ അസ്‌തമിക്കുന്നോ എന്ന ചോദ്യം സാധാരണ മനുഷ്യരെ വല്ലാതെ അസ്വസ്ഥരാക്കുന്നു. ഇന്ത്യ ഒരു മത രാഷ്ട്ര സങ്കല്പത്തിലേക്ക് മാറാൻ തുടങ്ങുന്നു എന്ന കടുത്ത ഭയം മതേതര വിശ്വാസികളിൽ ശക്തമാകുന്നുണ്ട്. ഈ ഭയത്തിന് പരിഹാരം കാണാൻ കേന്ദ്രത്തിൽ ബി.ജെ.പി ഭരണം ഇല്ലാതാകണം. സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത രാജ്യമായി ഇന്ത്യ മാറി. രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്‌മയും രൂക്ഷമാണ്. എല്ലാ വിഭാഗം ജനങ്ങൾക്കും ജീവിക്കാൻ കഴിയുന്ന ഒരു രാജ്യമായി ഇന്ത്യ നിലനിൽക്കുക എന്നതാണ് നമ്മുടെ ആവശ്യം. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ഒരു കേന്ദ്രഭരണം ഉണ്ടാകുക എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം.
? ഈ പോരാട്ടത്തിൽ ഇടതുപക്ഷത്തിന്റെ
പ്രസക്തി എന്താണ്
സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൽ ജനങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഏക രാഷ്ട്രീയ ശക്തി ഇടതുപക്ഷം മാത്രമാണെന്ന് ഇതിനകം വെളിപ്പെട്ടുകഴിഞ്ഞു. ജനാധിപത്യത്തിനും മതേതരത്വത്തിനുമെതിരെ കടന്നാക്രമണങ്ങൾ ഉണ്ടാകുമ്പോൾ ഉറച്ച പ്രതിരോധം തീർക്കുന്നത് ഇടതുപക്ഷം മാത്രമാണ്. ഈ പോരാട്ടങ്ങളിൽ പലപ്പോഴും വെള്ളം ചേർക്കുന്ന സമീപനമാണ് കോൺഗ്രസിന്റേത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ നിലപാട് കോൺഗ്രസിന്റെ പ്രകടന പത്രികയിലില്ല. അതിനർത്ഥം കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ള ഒരു ഗവൺമെന്റ് കേന്ദ്രത്തിലുണ്ടായാൽ ഈ നിയമം പുനഃപരിശോധിക്കില്ല എന്നാണ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയത്തിലും ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നിലപാട് ഒന്നായിരുന്നു. കോൺഗ്രസിന്റെ വർക്കിംഗ് കമ്മിറ്റി അംഗമായ തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി തന്നെ പറയുന്നത് ബാബറി മസ്ജിദ് അതേപടി പൊളിച്ച് മറ്റൊരു സ്ഥലത്ത് സ്ഥാപിച്ചിരുന്നെങ്കിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്നാണ്. നരേന്ദ്ര മോദിയാണ് ഈ പാർലമെന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തനായ പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്നും അദ്ദേഹം പറഞ്ഞുവയ്‌ക്കുന്നു. ബി.ജെ.പിയോടുള്ള കോൺഗ്രസിന്റെ സമീപനം വ്യക്തമാക്കാൻ വേണ്ടിയാണ് ഞാൻ ഈ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചത്. നിർണായകമായ സന്ദർഭങ്ങളിൽ മതനിരപേക്ഷ ശക്തികൾക്കൊപ്പം നിൽക്കാത്ത കോൺഗ്രസിനെ ഈ പോരാട്ടത്തിൽ വിശ്വസിക്കുന്നത് എങ്ങനെയാണ്. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുന്ന അനുഭവങ്ങളും നമ്മുടെ മുന്നിലുണ്ട്. ബി.ജെ.പിയുടെ പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാത്ത ഒരേയൊരു ശക്തി ഇടതുപക്ഷം മാത്രമാണ് എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രസക്തി.
? തിരഞ്ഞെടുപ്പിലെ
വിജയപ്രതീക്ഷകൾ എന്താണ്
100 ശതമാനവും വിജയം ഉറപ്പാണ്. ഈ മണ്ഡലത്തിന്റെ രാഷ്ട്രീയ ചിത്രം അതാണ്. 2019ലെ തിരഞ്ഞെടുപ്പിൽ നിന്നും തീർത്തും വ്യത്യസ്തമായ രാഷ്ട്രീയ ചിത്രമാണ് മണ്ഡലത്തിലുള്ളത്. 7 അസംബ്ലി മണ്ഡലങ്ങളിൽ 6 ഇടത്തും ഇടതുപക്ഷ എം.എൽ.എമാരാണുള്ളത്. അതും വലിയ ഭൂരിപക്ഷത്തിനാണ് അവർ വിജയിച്ചത്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് ഇരുപത്തി മൂവായിരത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷമുണ്ട്, വട്ടിയൂർക്കാവിൽ വി.കെ.പ്രശാന്തിന് ഇരുപത്തിയൊന്നായിരത്തിന്റെ ഭൂരിപക്ഷമുണ്ട്, സി.കെ.ഹരീന്ദ്രന് പാറശാലയിൽ ഇരുപത്തി അയ്യായിരത്തിന് മുകളിലാണ് ഭൂരിപക്ഷം. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ച് നേമത്ത് ശിവൻകുട്ടി നേടിയതും മികച്ച വിജയമാണ്. തിരുവനന്തപുരത്ത് ആന്റണി രാജുവും ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. നെയ്യാറ്റിൻകരയിൽ ആൻസലന് പതിനാലായിരത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്. എൽ.ഡി.എഫിന് വ്യക്തമായ മേൽകൈ ഈ പാർലമെന്റ് മണ്ഡലത്തിലുണ്ട് എന്നതിന്റെ തെളിവുകളാണിത്. കഴിഞ്ഞ 15 വർഷം എം.പിയുടെ സാന്നിദ്ധ്യം ഈ മണ്ഡലത്തിൽ ഉണ്ടായില്ല എന്ന വിമർശനം ജനങ്ങൾക്കിടയിലുണ്ട്. കാര്യമായ ഒരു വികസനപദ്ധതിയും ഇക്കാലയളവിൽ മണ്ഡലത്തിലേക്ക് കൊണ്ടുവരാനായില്ല.
മൂന്നര വർഷം എം.പി എന്ന നിലയിൽ പ്രവർത്തിക്കാൻ എനിക്കും അവസരം കിട്ടിയിരുന്നു. മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കും ഐസറും ബ്രഹ്മോസും ഉൾപ്പെടെ നിരവധി പദ്ധതികൾ ഇക്കാലയളവിൽ കൊണ്ടുവരാൻ കഴിഞ്ഞു എന്നതിന്റെ ചാരിതാർത്ഥ്യവും എനിക്കുണ്ട്. മണ്ഡലത്തിലെ ജനങ്ങളുമായി എനിക്കുള്ള ബന്ധം ഈ തിരഞ്ഞെടുപ്പിൽ വളരെയേറെ സഹായകരമായിട്ടുണ്ട്. ജനങ്ങൾ അവരിലൊരാളായിട്ടാണ് എന്നെ കാണുന്നത്. അവർ നൽകുന്ന സ്‌നേഹവും കരുതലും പിന്തുണയും വലിയ ഊർജമാണ് നൽകുന്നത്.
? മത്സരം ബി.ജെ.പിയും കോൺഗ്രസും
തമ്മിലാണെന്ന് യു.ഡി.എഫ് പ്രചരിപ്പിക്കുന്നു
അത് കോൺഗ്രിന്റെ ഒരു കൗശലമാണ്. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തിന്റെ ഉറച്ച കേന്ദ്രമാണ് തിരുവനന്തപുരം. ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഏകീകരിപ്പിക്കാൻ കഴിയുമോ എന്നാണ് അവർ നോക്കുന്നത്. ബി.ജെ.പിയുടെ മാനസികാവസ്ഥയും ചിന്തകളുമുള്ള ഒരാളെ ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ വിശ്വസിക്കാൻ ഇനി ജനങ്ങൾ തയ്യാറാകില്ല. കോൺഗ്രസിന് ചെയ്യുന്ന വോട്ടുകളെല്ലാം ഫലത്തിൽ ബി.ജെ.പിക്ക് നൽകുന്ന അംഗീകാരമാണെന്ന ബോദ്ധ്യം ജനങ്ങൾക്കുണ്ട്. ഇവിടെ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ്. ആ മത്സരത്തിൽ വിജയം എൽ.ഡി.എഫിന് ഒപ്പവുമായിരിക്കും.
എം.പി എന്ന നിലയിൽ പന്ന്യൻ
നടപ്പാക്കിയ പദ്ധതികളിൽ ചിലത്
തിരുവനന്തപുരം വിമാനത്താവളത്തിന് രണ്ടാം ടെർമിനൽ
ചാക്കയിൽ ഹാംഗർ യൂണിറ്റ്
ഐസർ
ബ്രഹ്മോസ്
എയർക്രാഫ്റ്റ് മെയിന്റനൻസ് യൂണിറ്റ്
കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ വികസനം
തിരുവനന്തപുരം മെഡിക്കൽ കോളേജിന് പുതിയ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്
എയിംസ് മാതൃകയിലുള്ള വികസന പദ്ധതിക്കായി 200 കോടിയുടെ കേന്ദ്ര സഹായം
11 പുതിയ തീവണ്ടി സർവീസുകൾ
സെൻട്രൽ റോഡ് ഫണ്ടിൽ നിന്നു 12.5 കോടി അനുവദിപ്പിച്ച്
അരുവിപ്പുറം-നെയ്യാർഡാം റോഡ് നവീകരണം
വിദ്യാലയങ്ങൾക്കും ആശുപത്രികൾക്കും പുതിയ മന്ദിരങ്ങൾ
-----------------------------------------------------------------
കോൺഗ്രസിനുള്ള വോട്ട് ബി.ജെപിക്ക്
നൽകുന്ന ദാനം: മന്ത്രി ജി.ആർ.അനിൽ
തിരുവനന്തപുരം: എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ മികച്ച വിജയം നേടുമെന്നും കോൺഗ്രസിന് നൽകുന്ന വോട്ടെല്ലാം ബി.ജെ.പിക്ക് നൽകുന്ന ദാനമാണെന്ന് സമ്മതിദായകർ മനസിലാക്കുമെന്നും മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. പന്ന്യൻ രവീന്ദ്രന്റെ തിരഞ്ഞെടുപ്പ് പര്യടന പരിപാടി പാറശാല മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേയ്ക്ക് ചേക്കേറുകയാണ്. ഗൗരവമായ രാഷ്ട്രീയ വിഷയങ്ങളിൽ ബി.ജെ.പിയുടെ നിലപാടിനൊപ്പമാണ് കോൺഗ്രസ് നിലകൊള്ളുന്നത്. കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര മനോഭാവം ആസ്വദിക്കുകയാണ് കോൺഗ്രസ് ചെയ്‌തത്. ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ കേരള വിരുദ്ധ സമീപനത്തിനെതിരെ ചെറുവിരലനക്കാൻ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർ തയ്യാറായിട്ടില്ല. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നിലപാട് തന്നെ ബി.ജെ.പി അനുകൂലമാണ്. ഏറ്റവും ശക്തനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് സാക്ഷ്യപ്പെടുത്താൻ ശശി തരൂരിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ബാബറി മസ്ജിദ് പൊളിച്ചുമാറ്റി മറ്റൊരിടത്ത് സ്ഥാപിച്ചിരുന്നു എങ്കിൽ പ്രതിസന്ധി ഉണ്ടാകില്ലെന്ന പ്രസ്താവനയും അദ്ദേഹത്തിന്റെ മനസിലിരിപ്പ് വ്യക്തമാക്കുന്നതാണ്. ബി.ജെ.പി പാളയത്തിൽ കൂടണയുന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടാകുമോ എന്ന ആശങ്ക നമ്മുടെ നാട്ടിൽ വ്യാപകമായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.