d

ശേഷിക്കുന്ന നേതാക്കൾ കൂടി ഏതു നിമിഷവും ബി.ജെ.പിയിൽ ചേരാമെന്നതാണ് കോൺഗ്രസിലെ സ്ഥിതി

ജനാധിപത്യത്തിൽ തിരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും,​ പോകും. അത്തരത്തിലുള്ള മറ്റൊരു തിരഞ്ഞെടുപ്പായി കാണാനാവില്ല,​ ഈ പൊതു തിരഞ്ഞെടുപ്പിനെ. അസാധാരണമാം വിധം ഗൗരവമാർന്ന പ്രാധാന്യം കല്പിക്കേണ്ട തിരഞ്ഞെടുപ്പാണിത്. ഇന്ത്യ ഇതുവരെ നമ്മൾ കണ്ട നിലയിൽ ഇനിയുള്ള ഘട്ടത്തിൽ നിലനിൽക്കണമോ വേണ്ടയോ എന്നു നിർണയിക്കുന്ന തിരഞ്ഞെടുപ്പാണിത്. ജനാധിപത്യവും മതനിരപേക്ഷതയും ഉൾപ്പെടെയുള്ള അടിസ്ഥാന ഭരണഘടനാ മൂല്യങ്ങളെ പരിരക്ഷിച്ചു നിലനിറുത്താൻ ഇന്ത്യൻ ജനതയ്ക്ക് ഒരുപക്ഷേ, കൈവരുന്ന അവസാന അവസരമാണിത്.

വർഗീയ ഭരണം

അറബിക്കടലിൽ

ഭരണഘടനയുടെ രക്ഷിതാക്കളാകേണ്ടവർ തന്നെ അതിന്റെ നാശകാരികളാവുകയും മതേതര ഇന്ത്യയെ മതാധിഷ്ഠിത ഇന്ത്യയാക്കി മാറ്റിയെടുക്കാൻ നോക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ഇതിനെയൊക്കെ ചെറുത്ത് രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കാൻ കൈവരുന്ന അവസാന അവസരമായിത്തന്നെ ഇതിനെ കാണണം.

എങ്ങനെയാണ് സംഘപരിവാർ ഭരണം ജനാധിപത്യത്തെ അട്ടിമറിക്കുന്നത് ? ഇന്ത്യൻ പാർലമെന്റ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നാളുകളിൽ മാത്രം സമ്മേളിക്കുന്ന നില വന്നു. അന്വേഷണ ഏജൻസികൾ ജനാധിപത്യ പാർട്ടികളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളെ മുതൽ പ്രതിപക്ഷ ഗവൺമെന്റുകളുടെ ജനാധിപത്യപരമായ പ്രവർത്തനത്തെ വരെ തകർക്കാൻ വേട്ടനായ്ക്കളെപ്പോലെ അഴിച്ചു വിടപ്പെടുന്ന നിലവന്നു. ഈ ഘട്ടത്തിൽ നമ്മൾ പരാജയപ്പെട്ടാൽ മതേതരത്വം അപകടത്തിലാകും. ന്യൂനപക്ഷം അപകടത്തിലാകും. ജനാധിപത്യം അപകടത്തിലാകും. മുമ്പൊരു ഘട്ടത്തിൽ നമ്മൾ ഒരേ സ്വരത്തിൽ പറഞ്ഞു: അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന്. അതു സംഭവിച്ചു. അതേപോലെ ഈ ഘട്ടത്തിൽ നാം പറയുന്നു: സംഘപരിവാറിന്റെ വർഗ്ഗീയ ദുർഭരണം അറബിക്കടലിൽ എന്ന്.

അവർത്തിക്കാൻ

കാക്കുന്ന 2004

2004 ആവർത്തിക്കാൻ പോകുന്നു എന്നതാണ് ഈ പൊതുതിരഞ്ഞെടുപ്പിലെ ഏറ്റവും പ്രസക്തമായ രാഷ്ട്രീയ യാഥാർത്ഥ്യം. അന്ന് ബി.ജെ.പി മുന്നോട്ടുവച്ച 'ഇന്ത്യ ഷൈനിംഗ്' ക്യാമ്പെയിൻ തകർന്നടിഞ്ഞു. ഇടതുപക്ഷം വലിയ സ്വാധീന ശക്തിയായി പാർലമെന്റിൽ ഉയർന്നു. ഇടതു പിന്തുണയില്ലാതെ ഒരു മതനിരപേക്ഷ ബദൽ സർക്കാർ ഉണ്ടാക്കാൻ കഴിയില്ല എന്ന നില വന്നു. അങ്ങനെയാണ് ഇടതുപക്ഷം മുന്നോട്ടുവച്ച ഒരു പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ യു.പി.എ സർക്കാർ ജന്മമെടുത്തത്.

സമാനമായ ഫലമാണ് ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകാൻ പോകുന്നത്. 'ഫിർ ഏക് ബാർ മോദി സർക്കാർ', 'അബ് കി ബാർ ചാർസൗ പാർ', തുടങ്ങിയ ബി.ജെ.പി മുദ്രാവാക്യങ്ങളെല്ലാം തകർന്നടിയാൻ പോവുകയാണ്. 'ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളു' എന്ന മുദ്രാവാക്യത്തിന് ജനങ്ങൾ അടിവരയിടാൻ പോവുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കുംഭകോണമാണ് ഇലക്ടറൽ ബോണ്ട്. അതിനെതിരെ കോടതിയിൽ പോയത് സീതാറാം യച്ചൂരിയാണ്. ഇലക്ടറൽ ബോണ്ടിന്റെ കാര്യത്തിൽ കോൺഗ്രസും ബി.ജെ.പിയും പാർലമെന്റിൽ കൈകോർത്താണ് നിയമം പാസ്സാക്കിയത് എന്നതോർക്കണം. അതിന്റെ കോടിക്കണക്കായ കള്ളപ്പണം കൈപ്പറ്റിയതും ഇവരാണ്. ഇതു വാങ്ങാതിരുന്നത് ഇടതുപക്ഷം മാത്രമാണ്.

ചൂട്ടുപിടിക്കുന്ന

യു.ഡി.എഫ്

ബി.ജെ.പി നയങ്ങളുമായി സമരസപ്പെട്ടു പോയാലേ തങ്ങൾക്ക് പിടിച്ചുനില്‍ക്കാനാവൂ എന്ന ധാരണയിലാണ് കോൺഗ്രസ്. കോൺഗ്രസ്സിൽ ശേഷിക്കുന്ന നേതാക്കൾ പോലും ഏതു നിമിഷവും ബി ജെ പിയിൽ ചേരാമെന്നതാണ് സ്ഥിതി. കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബി.ജെ.പി സർക്കാർ കേരളത്തെ തകർക്കാനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ അതിനെല്ലാം ചൂട്ടുപിടിക്കുകയാണ് കേരളത്തിലെ യു.ഡി.എഫ്. നിയമസഭയെ പോലും അപ്രസക്തമാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടായപ്പോഴും അർഹമായ നികുതിവിഹിതം വെട്ടിക്കുറച്ചപ്പോഴും അതിനെതിരെ ശബ്ദമുയർത്താൻ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാർക്കു കഴിഞ്ഞില്ല.

രാജ്യത്തെ പൊതു തിരഞ്ഞെടുപ്പ് കേന്ദ്ര സർക്കാരിനെയും അതിനു നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും വിലയിരുത്താനുള്ള അവസരമാണ്. ജനങ്ങൾക്കു നല്‍കിയ ഒരൊറ്റ വാഗ്ദാനം പോലും കഴിഞ്ഞ പത്തു വർഷം കൊണ്ട് നടപ്പാക്കാൻ കഴിയാത്ത ബി .ജെ.പിക്ക് സ്വാഭാവികമായും ഈ തിരഞ്ഞെടുപ്പ് തങ്ങളുടെ സർക്കാരിന്റെ വിലയിരുത്തലാവും എന്നു പറയാൻ മടിയുണ്ടാകും. രാജ്യത്തെയും ജനങ്ങളെയാകെയും ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പു പ്രചരണം നടത്തുന്നത്. ആ പ്രചാരണങ്ങൾക്ക് വലിയ പിന്തുണ ലഭിക്കുക തന്നെ ചെയ്യും.