
ന്യൂഡൽഹി: കോൺഗ്രസ് പ്രകടനപത്രിക കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭയചകിതനായിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി എം.പി. വിപ്ലവകരമായ പ്രകടനപത്രികയാണ് കോൺഗ്രസിന്റേത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആദ്യം ജാതി സെൻസസ് നടപ്പാക്കും. ജാതി സംബന്ധിച്ച കണക്കെടുപ്പ് മാത്രമായിരിക്കില്ല നടക്കുക. സാമ്പത്തികവും സാമൂഹികവുമായ സർവേ ആയിരിക്കും.
സ്വാതന്ത്ര്യത്തിന്റെ എഴുപത് വർഷങ്ങൾക്കു ശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുള്ള യുക്തിപരമായ ചുവടുവയ്പ്പായിരിക്കും ജാതി സെൻസസ്. ശതകോടീശ്വരൻമാരായ സുഹൃത്തുക്കൾക്കായി 16 ലക്ഷം കോടിയുടെ വായ്പകളാണ് മോദി എഴുതിത്തള്ളിയത്. അത് രാജ്യം ഒരിക്കലും ക്ഷമിക്കില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ മോദി സമ്പന്നരായ 22 പേർക്ക് നൽകിയ 16 ലക്ഷം കോടി രൂപയിൽനിന്നുള്ള ചെറിയ തുക 90 ശതമാനം വരുന്ന പാവപ്പെട്ട ഇന്ത്യക്കാർക്ക് തിരികെനൽകുമെന്ന് പ്രകടനപത്രികയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും രാഹുൽ പറഞ്ഞു.