manipur

ഇംഫാൽ: നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മണിപ്പൂരിൽ മൂന്നിടങ്ങളിൽ ഐ.ഇ.ഡി സ്ഫോടനം. കാങ്‌പോക്പി ജില്ലയിലാണ് മൂന്ന് സ്ഫോടനങ്ങളുമുണ്ടായത്. ഒരു പാലം തകർന്നു. ഇന്നലെ പുലർച്ചെ 1.15നായിരുന്നു സംഭവം. ഇംഫാലിനെയും നാഗാലാൻഡിലെ ദിമാപൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്. ആളപായോ പരിക്കോ ഇല്ല. ഇംഫാലിനെ ദിമാപൂരുമായി ബന്ധിപ്പിക്കുന്ന ദേശീയപാത വഴിയുള്ള ഗതാഗതത്തെ ബാധിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ആദ്യഘട്ട വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് കാങ്‌പോക്പി ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു. നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചു. അതിർത്തികളിൽ കൂടുതൽ സേനയെ വിന്യസിച്ചു.

അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സുരക്ഷാസേന പ്രദേശം വളയുകയും തെരച്ചിൽ നടത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇംഫാൽ വെസ്റ്റിൽ ഇരു വിഭാഗങ്ങൾ തമ്മിൽ വെടിവയ്‌പ് നടന്നിരുന്നു.

ആദ്യഘട്ട വോട്ടെടുപ്പ് നടന്നപ്പോഴും സംസ്ഥാനത്ത് പലയിടത്തും അക്രമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വെടിവയ്‌പ്, വോട്ടിംഗ് മെഷീൻ നശിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ അക്രമങ്ങളുണ്ടായി. ബലപ്രയോഗവും ഭീഷണിപ്പെടുത്തലുകളും ഉണ്ടായതായും ആരോപണങ്ങളുയർന്നു. ഇംഫാൽ ഈസ്റ്റിൽ വെടിവയ്പിൽ വൃദ്ധന് പരിക്കേറ്റിരുന്നു.

മണ്ഡലത്തിലെ 11 പോളിംഗ് സ്‌റ്റേഷനുകളിൽ 22ന് വീണ്ടും വോട്ടെടുപ്പ് നടന്നു. മണിപ്പൂരിലെ ജോയിന്റ് ചീഫ് ഇലക്ടറൽ ഓഫീസർ രാമാനന്ദ നോങ്‌മൈകപം ബൂത്ത് പിടിച്ചെടുക്കലും ഇ.വി.എം നശിപ്പിച്ച സംഭവങ്ങളും റിപ്പോർട്ട് ചെയ്‌തതിനെത്തുടർന്നാണ് റീപോളിംഗ് നടത്തിയത്.

തയ്യാറെടുപ്പുകൾ

 വോട്ടെടുപ്പിനോട് അനുബന്ധിച്ച് മണിപ്പൂരിലെ വിവിധ ജില്ലകളിലായി 128 ചെക്പോസ്റ്റുകൾ സ്ഥാപിച്ചു

 നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 75 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു