nithin-gadkari

മുംബയ്: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി കുഴഞ്ഞ് വീണു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് സംഭവം. മഹാരാഷ്ട്രയിലെ യവത്മാള്‍ ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

എന്‍ഡിഎ സ്ഥാനാര്‍ഥി രാജശ്രീ പാട്ടിലിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം ശിവസേനയിലെ നേതാവാണ് രാജശ്രീ പാട്ടില്‍. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാനായി എണീറ്റതിന് പിന്നാലെയാണ് അദ്ദേഹം കുഴഞ്ഞ് വീണത്.

സമീപത്തുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഗഡ്കരിയെ താങ്ങിയെടുക്കുകയും ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവില്‍ അടിയന്തര ചികിത്സാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അദ്ദേഹത്തെ. അതേസമയം, ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ലഭ്യമായ വിവരം.

മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ് ഗഡ്കരി. ഇത്തവണയും നാഗ്പൂരില്‍ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. ഒന്നാം ഘട്ട പോളിംഗ് നടന്ന ഏപ്രില്‍ 19ന് നാഗ്പൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നിരുന്നു.