ksrtc

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കിയ തീരുമാനം ഫലപ്രദമെന്ന് റിപ്പോര്‍ട്ട്. ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന ആരംഭിച്ച ശേഷം അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ നാല് മുതലാണ് ഡ്യൂട്ടിക്കെത്തുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മദ്യപിച്ചിട്ടുണ്ടോയെന്ന ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് ആരംഭിച്ചത്. ഇടയ്ക്ക് മദ്യപിക്കുന്നുണ്ടോയെന്ന് അറിയാന്‍ സ്‌ക്വാഡ് പരിശോധനയും നടത്തുന്നുണ്ട്.

ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ ബ്രെത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമായും നടത്തിയിരിക്കണം. കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരില്‍ പലരും മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്ന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.അപകടങ്ങള്‍ കുറയ്ക്കുന്നതിനും അതോടൊപ്പം യാത്രക്കാരോട് മോശമായി പെരുമാറുന്നതിന് പിന്നിലെ പ്രധാന കാരണവും ഡ്യൂട്ടി സമയത്തെ മദ്യപാനമാണെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് തീരുമാനം നടപ്പിലാക്കിയത്.

വിജിലന്‍സ് നടത്തുന്ന ഇന്‍ഡോക്‌സിക്കേഷന്‍ പരിശോധനയില്‍ പോസിറ്റീവ് ഫലങ്ങള്‍ ഇപ്പോള്‍ വളരെ കുറവാണ്. ആദ്യ ദിവസങ്ങളില്‍ 22 പേര്‍ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കേസുകള്‍ വരെ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ 20ന് ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മദ്യപിച്ച് ജോലിക്കെത്തിയതിനും മദ്യം സൂക്ഷിച്ചതിനുമായി 137 ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ബ്രീത്ത് അനലൈസര്‍ പരിശോധനയും കര്‍ശന നടപടികളും തുടരുമെന്ന് സിഎംഡി അറിയിച്ചു.

രാവിലെ പരിശോധനയ്ക്ക് ശേഷം ഇടയില്‍ മദ്യപിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ സ്‌ക്വാഡ് പരിശോധനയുണ്ടാകും. ഇതില്‍ പിടിക്കപ്പെട്ടാല്‍ പുതിയ ശിക്ഷാ രീതിയാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. മുമ്പ് നല്‍കിയിരുന്ന സ്ഥലംമാറ്റം സസ്പെന്‍ഷന്‍ എന്നിവ ഒഴിവാക്കി പകരം അഞ്ച് ദിവസം ശമ്പളം ഇല്ലാതെ ജോലി ചെയ്യണമെന്നതാണ് പുതിയ ശിക്ഷാ നടപടി. ഇതും ഡ്യൂട്ടി സമയത്തെ മദ്യപാനം കുറയുന്നതിന് കാരണമായെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍.