
മോസ്കോ : വൻ തുക കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് റഷ്യയിലെ ഉപപ്രതിരോധ മന്ത്രി തിമൂർ ഇവനോവ് അറസ്റ്റിൽ. ഇദ്ദേഹത്തെ മോസ്കോയിലെ കോടതി ജൂൺ 23 വരെ റിമാൻഡ് ചെയ്തു. 2016ൽ പ്രതിരോധ മന്ത്രാലയത്തിൽ നിയമിതനായ ഇവനോവ് റഷ്യയിലെ സൈനിക അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മേൽനോട്ടം വഹിച്ചിരുന്നു. പ്രതിരോധ മന്ത്രി സെർജി ഷൊയ്ഗുവിന്റെ വിശ്വസ്തനായിരുന്നു 48കാരനായ ഇവനോവ്. അതേ സമയം, ഇവനോവിനെതിരെയുള്ള കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുക്രെയിനിൽ റഷ്യ നിയന്ത്രണത്തിലാക്കിയ മരിയുപോൾ നഗരത്തിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഇവനോവ് അഴിമതി നടത്തിയെന്ന് ആരോപണമുണ്ട്. രാജ്യദ്രോഹം സംശയിച്ചാണ് ഇവനോവിനെ ജയിലിലടച്ചതെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ റഷ്യ തള്ളി. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ഇവനോവിന് 15 വർഷം വരെ ജയിൽ ശിക്ഷ ലഭിച്ചേക്കാം. താൻ നിരപരാധിയാണെന്ന് ഇവനോവ് കോടതിയിൽ പ്രതികരിച്ചു.