ipl

ഗുജറാത്ത് ടൈറ്റാൻസി​നെ 4 റൺ​സി​ന് തോൽപ്പി​ച്ച് ഡൽഹി​ ക്യാപ്പി​റ്റൽസ്

ഡൽഹി​ ക്യാപ്പി​റ്റൽസ് 224/4, ഗുജറാത്ത് ടൈറ്റാൻസ് 220/8

റിഷഭ് പന്തിനും (88*) അക്ഷർ പട്ടേലിനും അർദ്ധസെഞ്ച്വറികൾ

ന്യൂഡൽഹി : ഐ.പി.എല്ലിൽ ഇന്നലെ ഗുജറാത്ത് ടൈറ്റാൻസിനെതിരെ നടന്ന മത്സരത്തിൽ നാലുറൺസിന് വിജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്ത് ഡൽഹി ക്യാപ്പിറ്റൽസ്. അരുൺ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഡൽഹി ഡെയർ ഡെവിൾസ് നിശ്ചിത 20 ഓവറിൽ 224/4 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ഗുജറാത്ത് ടൈറ്റാൻസിന് 20 ഓവറിൽ 220/8 എന്ന സ്കോറിലേ എത്താനായുള്ളൂ.

44 റൺസെടുക്കുന്നതിനിടയിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്ന ഡൽഹിയെ നാലാം വിക്കറ്റിൽ ഒരുമിച്ച നായകൻ റിഷഭ് പന്തും (88 നോട്ടൗട്ട് ) അക്ഷർ പട്ടേലും (66) ചേർന്നാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. നാലാം ഓവറിൽ മക്ഗുർക്കിനെയും (23),പൃഥ്വി ഷായേയും (11) ആറാം ഓവറിൽ ഷായ് ഹോപ്പിനെയും (5) പുറത്താക്കി മലയാളി പേസർ സന്ദീപ് വാര്യരാണ് ഡൽഹിക്ക് ആഘാതമേകിയത്. എന്നാൽ അതിൽ നിന്ന് ടീമിനെ മുക്തമാക്കിയ പന്തും പട്ടേലും നാലാം വിക്കറ്റിൽ 68 പന്തുകളിൽ നിന്ന് 113 റൺസാണ് കൂട്ടിച്ചേർത്തത്. 43 പന്തുകളിൽ അഞ്ചുഫോറും നാലുസിക്സുമടിച്ച പട്ടേൽ 17-ാം ഓവറിലാണ് മടങ്ങിയത്. തുടർന്നിറങ്ങിയ ട്രിസ്റ്റൻ സ്റ്റബ്സിനൊപ്പം (ഏഴു പന്തുകളിൽ മൂന്ന് ഫോറും രണ്ട് സിക്സുമടക്കം 26 റൺസ്) പന്ത് 200കടത്തി. 43 പന്തുകൾ നേരിട്ട റിഷഭ് അഞ്ചു ഫോറുകളുടെയും എട്ട് സിക്സുകളുടെയും അകമ്പടിയോടെയാണ് 88ലെത്തിയത്. സന്ദീപ് വാര്യർക്ക് മൂന്ന് വിക്കറ്റ് ലഭിച്ചു.

മറുപടിക്കിറങ്ങിയ ഗുജറാത്തിന് നായകൻ ശുഭ്മാൻ ഗില്ലിനെ (6) രണ്ടാം ഓവറിൽ നഷ്ടമായെങ്കിലും വൃദ്ധിമാൻ സാഹ (39), സായ് സുദർശൻ (65),ഡേവിഡ് മില്ലർ (55), റാഷിദ് ഖാൻ (21) എന്നിവർ പൊരുതിനോക്കിയെങ്കിലും വിക്കറ്റുകൾ ഇടയ്ക്കിടെ പൊഴിഞ്ഞതിനാൽ വിജയത്തിലേക്ക് എത്താനായില്ല. റാസിഖ് സലാമിന് മൂന്ന് വിക്കറ്റുകൾ ലഭിച്ചു. കുൽദീപ് യാദവിന് രണ്ട് വിക്കറ്റുകൾ ലഭിച്ചു. മൂന്നോവറിൽ 28 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ അക്ഷർ പട്ടേൽ ബൗളിംഗിലും തിളങ്ങി.