pic

വാഷിംഗ്ടൺ: യു.എസിലെ മേരിലാൻഡിലെ ബാൾട്ടിമോറിൽ ചരക്കുകപ്പൽ ഇടിച്ച് പാലം തകർന്ന സംഭവത്തിൽ കപ്പലിന്റെ ഉടമസ്ഥർക്കും നടത്തിപ്പുകാർക്കും ജീവനക്കാർക്കുമെതിരെയുള്ള റിപ്പോർട്ട് കോടതിയിൽ.

അപകടത്തിന്റെ ഉത്തരവാദിത്വം കപ്പലിന്റെ ഉടമസ്ഥരായ കമ്പനിക്കും നടത്തിപ്പ് കമ്പനിക്കുമാണെന്നും ജീവനക്കാർക്ക് കാര്യക്ഷമത ഉണ്ടായിരുന്നില്ലെന്നും ബാൾട്ടിമോർ സിറ്റി കൗൺസിലിന്റെ റിപ്പോർട്ടിൽ പറയുന്നു.

കപ്പൽ കടലിലൂടെയുള്ള സഞ്ചാരത്തിന് യോഗ്യമായിരുന്നില്ല. കപ്പൽ ബാൾട്ടിമോർ തുറമുഖത്തുനിന്ന് പുറപ്പെട്ടപ്പോൾ തന്നെ വൈദ്യുതി തകരാറുണ്ടായിന്നു. ഇത് അവഗണിച്ച് യാത്ര തുടർന്നു. ശരിയായ പരിശീലനം ലഭിക്കാത്ത ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. നടപടിക്രമങ്ങൾ പാലിക്കാൻ ഇവർക്ക് കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

മാർച്ച് 26നാണ് ' ഡാലി" എന്ന ചരക്കു കപ്പൽ നിയന്ത്രണം തെറ്റി 47 വർഷം പഴക്കമുള്ള ഫ്രാൻസിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിൽ ഒന്നിൽ ഇടിച്ചത്. പാലം പൂർണമായും തകർന്നതോടെ വാഹനങ്ങളും പാലത്തിൽ അറ്റകുറ്റപ്പണികൾ ചെയ്തിരുന്ന തൊഴിലാളികളും പട്ടാപ്‌സ്‌കോ നദിയിലേക്ക് വീണു. ആറ് പേർ മരിച്ചു.