flood

ദുബായ്: യുഎഇയിലെ പ്രളയ ദുരിത ബാധിതര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയുമായി യുഎഇ സര്‍ക്കാര്‍ സംവിധാനങ്ങള്‍. പ്രളയ ദുരിതത്തില്‍ കഴിയുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ അപേക്ഷ സ്വീകരിക്കാന്‍ ഷാര്‍ജയും സഹായം സമാഹരിക്കുന്നതിന് വേണ്ടി ദുബായിലും സംവിധാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം.

ഷാര്‍ജ നഗരത്തിലെ വിവിധ ഭാഗങ്ങളില് രൂപപ്പെട്ട വെള്ളക്കെട്ട് ഒഴിവാക്കാന്‍ മുന്‍സിപ്പാലിറ്റി അധികൃതരുടെ ഊര്‍ജിതശ്രമം തുടരുകയാണ്. ട്രക്കുകള്‍ ഉപയോഗിച്ച് കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് വെള്ളം വലിച്ചെടുക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്.

വെള്ളം ഇറങ്ങിയതിന് പിന്നാലെ ഒരാഴ്ചയ്ക്ക് ശേഷം പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാനും ജോലിക്ക് പോകാനും കഴിഞ്ഞു. വെള്ളക്കെട്ട് ബാധിത മേഖലകളില്‍ സഹായം ആവശ്യമുള്ളവര്‍ക്ക് സമീപിക്കാന്‍ സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ പോയന്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തിര സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് 065015161 എന്ന വാട്ട്സാപ്പ് നമ്പറില്‍ ബന്ധപ്പെടാമെന്ന് ഷാര്‍ജ സര്‍ക്കാര്‍ അറിയിച്ചു.

ഷാര്‍ജ സോഷ്യല്‍ സര്‍വീസ് വകുപ്പ് അപേക്ഷകളില്‍ നടപടി സ്വീകരിക്കും ഷാര്‍ജ എമര്‍ജന്‍സി & ക്രൈസിസ് മാനേജ്മെന്റ് ടീമാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. വ്യക്തികള്‍ക്കും, ബിസിനസ് രംഗത്തുള്ളവര്‍ക്കും ദുരിത ബാധിതരെ സഹായിക്കാന്‍ ദുബായ് കമ്യൂണിറ്റി ഡെവലപമെന്റ് അതോറിറ്റിയുടെ ജൂഡ് എന്ന പ്ലാറ്റ്‌ഫോമില്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.