bank

തിരുവനന്തപുരം: സ്വര്‍ണത്തിന് അടുക്കാന്‍ കഴിയാത്ത വില. എവിടുന്നെങ്കിലും കടം വാങ്ങിയെങ്കിലും അല്‍പ്പം സ്വര്‍ണം വാങ്ങാമെന്ന് കരുതിയാല്‍ നാട്ടില്‍ മുഴുവന്‍ കള്ളന്‍മാരുടെ ശല്യം. സ്വര്‍ണവിലയും കവര്‍ച്ചയും വര്‍ദ്ധിച്ചെങ്കിലും നാട്ടിലെ ബാങ്കുകള്‍ക്ക് കോളടിച്ചിരിക്കുകയാണ്. മോഷണം വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കാന്‍ ഭയക്കുന്ന ജനങ്ങള്‍ ഉള്ള സ്വര്‍ണം മുഴുവന്‍ ബാങ്ക് ലോക്കറുകളിലേക്ക് മാറ്റുകയാണ്.

വലിയ വീടുകളില്‍ അംഗങ്ങള്‍ കുറവുള്ളതും അവധിക്കാലമായതിനാല്‍ കുടുംബസമേതം ഉല്ലാസയാത്ര പോകുകയും ചെയ്യുന്ന വീട്ടുകാരെ നോട്ടമിട്ട ശേഷം അവിടെ മോഷണം നടത്തുന്നതാണ് കള്ളന്‍മാരുടെ പുതിയ രീതി. ഇതോടെയാണ് നഗര മേഖലകളില്‍ താമസിക്കുന്നവര്‍ സ്വര്‍ണം സുരക്ഷിതമായി ബാങ്ക് ലോക്കറുകളിലേക്ക് മാറ്റുന്നത്. എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ അടുത്തിടെ ലോക്കര്‍ സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

അടുത്തിടെ നിരവധി മോഷണങ്ങള്‍ നടന്ന കൊച്ചി നഗരത്തില്‍ എസ്ബിഐയില്‍ ഉള്‍പ്പെടെ വളരെ കുറച്ച് ബാങ്ക് ലോക്കറുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. കൊച്ചിയിലെ ഒരു ബാങ്കില്‍ ആകെ 7100 ലോക്കറുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 500ല്‍ താഴെ മാത്രമാണ് ഒഴിവുള്ളത്. ബാങ്ക് ലോക്കറുകളില്‍ 90 ശതമാനത്തില്‍ അധികവും ബുക്ക്ഡ് ആണെന്നാണ് ബാങ്ക് അധികൃതരും പറയുന്നത്. ബാങ്കില്‍ ആവശ്യത്തിന് ലോക്കര്‍ സംവിധാനം ഇല്ലാത്തവര്‍ സമീപ ബ്രാഞ്ചുകളുടെ സഹായം തേടുന്ന സ്ഥിതിയുമുണ്ട്.

ഒരിക്കല്‍ ലോക്കര്‍ സൗകര്യം എടുത്തവര്‍ പിന്നീട് അത് ഉപേക്ഷിക്കാറില്ലെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. വിദേശത്തേക്ക് മാറിപ്പോകുന്നവരാണ് കൂടുതലും ലോക്കര്‍ സൗകര്യം വേണ്ടെന്നു വയ്ക്കുന്നത്. ലോക്കറിന്റെ വലിപ്പത്തിന് അനുസരിച്ച് ഈടാക്കുന്ന നിരക്കിലും വ്യത്യാസം ഉണ്ട്. കൂടുതല്‍ പേരും ഇടത്തരം വലുപ്പത്തിലുള്ള ലോക്കറുകളാണ് താത്പര്യപ്പെടുന്നതെന്നും ബാങ്ക് അധികൃതര്‍ പറയുന്നു. അവസരം പരമാവധി ഉപയോഗപ്പെടുത്താനായി ഉപഭോക്താക്കളില്‍ ലോക്കറിനെ കുറിച്ച് അവബോധം ഉണ്ടാക്കാനായി ചില ബാങ്കുകള്‍ പ്രത്യേക ക്യാമ്പയിനുകളും നടത്തുന്നുണ്ട്.