ipl

ന്യൂഡല്‍ഹി: ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്‌സിലെ അവസാന ഓവറില്‍ മോഹിത് ശര്‍മ്മ വഴങ്ങിയത് 31 റണ്‍സ്. തകര്‍പ്പന്‍ ഫീല്‍ഡിംഗിലൂടെ ഡല്‍ഹി താരം ട്രിസ്റ്റന്‍ സ്റ്റബ്‌സ് സിക്‌സെന്ന് ഉറപ്പിച്ച പന്ത് തടുത്തിട്ടു. സംഭവബഹുലമായ മത്സരത്തില്‍ ഒടുവില്‍ ഗുജറാത്ത് ടൈറ്റന്‍സ് തോറ്റത് വെറും നാല് റണ്‍സിന്.

സ്‌കോര്‍: ഡല്‍ഹി ക്യാപിറ്റല്‍സ് 224-4 (20), ഗുജറാത്ത് ടൈറ്റന്‍സ് 220-8(20)

225 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സിന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ 6(5) രണ്ടാം ഓവറില്‍ നഷ്ടമായി. അര്‍ദ്ധ സെഞ്ച്വറി നേടിയ സായി സുദര്‍ശന്‍ 65(39), വൃദ്ധിമാന്‍ സാഹ 39(25) എന്നിവര്‍ റണ്‍ ചേസ് മുന്നോട്ട് നയിച്ചു. പിന്നീട് വന്ന അസ്മത്തുള്ള ഒമര്‍സായ് 1(2), ഷാരൂഖ് ഖാന്‍ 8(5), രാഹുല്‍ തെവാത്തിയ 4(50 എന്നിവര്‍ നിറംമങ്ങി.

23 പന്തില്‍ 55 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ 11 പന്തില്‍ 21 റണ്‍സ് നേടി പുറത്താകാതെ നിന്ന റാഷിദ് ഖാന്‍ എന്നിവര്‍ പൊരുതിയെങ്കിലും ഒടുവില്‍ നാല് രണ്‍സ് അകലെ വീണു. ഡല്‍ഹിക്ക് വേണ്ടി റാസിക് ദാര്‍ സലാം മൂന്ന് വിക്കറ്റും കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി ബൗളിംഗില്‍ തിളങ്ങി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് 88*(43) അക്‌സര്‍ പട്ടേല്‍ 66(43) എന്നിവരുടെ മികവിലാണ് കൂറ്റന്‍ സ്‌കോര്‍ നേടിയത്. ഏഴ് പന്തില്‍ നിന്ന് 26 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ട്രിസ്റ്റന്‍ സ്റ്റബ്‌സും ഡല്‍ഹിയെ കൂറ്റന്‍ സ്‌കോറിലെത്താന്‍ സഹായിച്ചു.

ഐപിഎല്ലിലെ ഒരു മത്സരത്തില്‍ ഏറ്റവും അധികം റണ്‍സ് വിട്ടുകൊടുത്ത ബൗളര്‍ എന്ന നാണക്കേടിന്റെ റെക്കോഡ് 4 ഓവറില്‍ 73 റണ്‍സ് വഴങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളര്‍ മോഹിത് ശര്‍മ്മയുടെ പേരിലായി. 31 റണ്‍സും അവസാന ഓവറിലാണ് താരം വഴങ്ങിയത്.