cancer


ബംഗളൂരു: ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം വര്‍ദ്ധിപ്പിക്കാനാവുന്ന സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സിലെ (ഐ.ഐ.എസ്സി) ഗവേഷകര്‍. ഭാവിയില്‍ വിവിധ തരം ക്യാന്‍സറുകള്‍ക്കുള്ള വാക്‌സിന്‍ വികസിപ്പിക്കാന്‍ നിര്‍ണായകമാണ് ഈ പരീക്ഷണം.

രക്തത്തിലെ ഒരു പ്രോട്ടീന്‍ ( മാംസ്യം) വഴി ലിംഫ് നോഡിലെത്തിച്ചാണ് ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡികളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നത്. രക്തത്തിലെ പ്ലാസ്മയിലെ സിറം ആല്‍ബുമിന്‍ എന്ന പ്രോട്ടീനെയാണ് ഇതിനായി തിരഞ്ഞെടുത്തത്.

ശരീരത്തിലെ പ്രതിരോധവ്യവസ്ഥയുടെ കേന്ദ്രമാണ് ലസികാഗ്രന്ഥി എന്ന ലിംഫ് നോഡുകള്‍. എലികളിലാണ് പരീക്ഷണം നടത്തിയത്. ഓര്‍ഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എന്‍. ജയരാമനും ഗവേഷക വിദ്യാര്‍ത്ഥി കണ്ണൂര്‍ കുഞ്ഞിമംഗലം സ്വദേശി ടി.വി കീര്‍ത്തനയുമടങ്ങുന്ന സംഘമാണ് സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ചെടുത്തത്.

ആന്റിജനെ ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കൃത്രിമ പ്രോട്ടീന്‍ ഉപയോഗിച്ചില്ല. ശരീരത്തില്‍ത്തന്നെയുള്ള പ്രോട്ടീനെ വാഹകരാക്കി ലിംഫ് നോഡിലേക്കെത്തിക്കാനാണ് ശ്രമിച്ചതെന്നും ടി.വി. കീര്‍ത്തന പറഞ്ഞു. കൃത്രിമ പ്രോട്ടീന്‍, വൈറസ് കണിക എന്നിവയെ വാഹകരായി ഉപയോഗിച്ച് ആന്റിജനുകളെ ശരീരത്തിലേക്ക് കടത്തിവിടാന്‍ ശാസ്ത്രജ്ഞര്‍ മുമ്പ് ശ്രമിച്ചിട്ടുണ്ട്. എന്നാല്‍, ഇത് പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുകയും ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരായ ആന്റിബോഡി ഉത്പാദനം കുറയ്ക്കുകയും ചെയ്തു.