hareesh-peradi

കൊച്ചിയിൽ നടന്ന ഒരു അവാർഡ് ചടങ്ങിൽ സൂപ്പർസ്റ്റാർ മോഹൻലാൽ നടത്തിയ നൃത്തത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരത്തിന്റെ നൃത്തത്തിൽ നടൻ ഷാരൂഖ് ഖാൻ ആശംസകളുമായി എത്തിയതും വാർത്തയായിരുന്നു. ഇപ്പോഴിതാ മോഹൻലാലിന്റെ പ്രകടനത്തെക്കുറിച്ച് നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ചർച്ചയാകുന്നത്.

മോഹൻലാൽ ജീവതത്തിൽ ഒരു ആട്ടിൻകുട്ടിയെപ്പോലെയാണെന്നും എന്നാൽ ക്യാമറയും സ്റ്റേജും കണ്ടാൽ പുലിയായി മാറുമെന്നാണ് ഹരീഷ് പേരടി പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. മോഹൻലാലിന്റെ ഭയമില്ലായ്മയാണ് അദ്ദേഹത്തെ സമ്പൂർണ കലാകാരനാക്കുന്നതെന്നും ഹരീഷ് വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്റെ ഷാരൂഖാൻ സാർ.. നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു...ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും..ആരുപറഞ്ഞാലും അനുസരിക്കും..പക്ഷെ ക്യാമറയും സ്റ്റേജും കണ്ടാൽ പിന്നെ പുലിയാണ്.. ഡാൻസും സിനിമയും മാത്രമല്ല... രണ്ട് മണിക്കൂറിൽ അധികമുള്ള കാവാലം സാറിന്റെ സംസ്കൃത നാടകം നിന്ന നിൽപ്പിൽ ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യൻ...

ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയൻസുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നിൽ വന്ന് നിന്നാൽ അയാളോട് നിങ്ങളാണ് വലിയവൻ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയിൽ പെരുമാറി അയാളെ പ്രോൽസാഹിപ്പിക്കും.. ഞാൻ അറിഞ്ഞ ലാലേട്ടനെക്കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ... മൂപ്പർക്ക് ആരെയും ഒന്നിനെയും പേടിയില്ല... ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്... അതുകൊണ്ടുത്തന്നെ അയാളിൽ നിന്ന് അത്ഭുതങ്ങൾ എപ്പോഴും പ്രതീക്ഷിക്കാം.. വാഴ്ത്തുക്കൾ ലാലേട്ടാ..

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ നടന്നത്. 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലാണ് ആരംഭിച്ചത്. 'സൗദി വെള്ളക്ക'യ്ക്കുശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിൽ ശോഭനയും ഒരു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 'മാമ്പഴക്കാലം' എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ ഇരുവരും ജോഡികളായി അഭിനയിച്ചത്. സാധാരണക്കാരനായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറുടെ വേഷമാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.