
സന: വധശിക്ഷ വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഉടൻ തുടങ്ങും. യെമനിലെ ഗോത്ര തലവന്മാരുമായുള്ള ചർച്ചയാണ് ആദ്യം നടക്കുന്നത്. എംബസിയുടെ സഹായത്തോടെയാണ് ചർച്ച നടക്കുക. വരും ദിവസങ്ങളിൽ യെമൻ പൗരൻ തലാൽ അബ്ദുൾ മഹ്ദിയുടെ കുടുംബാംഗങ്ങളുമായും നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ചർച്ച നടത്തും.
പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്നലെ പ്രേമകുമാരി പ്രാദേശിക സമയം പത്തരയോടെ (ഇന്ത്യൻസമയം ഉച്ചയ്‌ക്ക് ഒരുമണി) പ്രേമകുമാരി തലസ്ഥാനമായ സനയിലെ ജയിലിലെത്തി മകളെ കണ്ടിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന തമിഴ്‌നാട് സ്വദേശി, യെമനിൽ ജോലി ചെയ്യുന്ന സാമുവൽ ജെറോമിനും ഇന്ത്യൻ എംബസിയിലെ രണ്ട് ജീവനക്കാർക്കുമൊപ്പമാണ് പ്രേമകുമാരി ജയിലിലെത്തിയത്.
നാലുപേരുടെയും ഫോണുകൾ ജയിൽ അധികൃതർ വങ്ങിവച്ചു. പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച. മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു. എംബസി ജീവനക്കാരൻ നെഫേയും ജീവനക്കാരി ദുഹയും സാമുവൽ ജെറോമും ജയിലിന് പുറത്തിറങ്ങി. എംബസി ജീവനക്കാർ നൽകിയ ഭക്ഷണം അമ്മയും മകളും ഒന്നിച്ചിരുന്ന് കഴിച്ചു.
നിമിഷയെ വീണ്ടും കാണാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണെന്നായിരുന്നു പ്രേമകുമാരി വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചത്. പർദ്ദയണിഞ്ഞ് വന്ന മകളെ തനിക്ക് ദൂരെ നിന്നേ തിരിച്ചറിയാനായി. ജയിലിലുള്ളവർ സ്നേഹത്തോടെയാണ് പെരുമാറിയത്. യെമനോട് നന്ദിയുണ്ടെന്നും പ്രേമകുമാരി പറഞ്ഞു. തന്നെ കണ്ടതും മമ്മീയെന്ന് വിളിച്ച് മകൾ ഓടിവന്ന് കെട്ടിപ്പിടിച്ചു. കല്യാണം കഴിച്ചുപോയ ശേഷം ആദ്യമായിട്ടാണ് മകളെ കാണുന്നതെന്നും അവർ വ്യക്തമാക്കി.
2017ലാണ് തലാൽ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ഇയാളുടെ കുടുംബം മാപ്പു നൽകിയാൽ ശിക്ഷയിളവു ലഭിക്കും.
നിമിഷയുടെ ദുരിത കാലം
തൊടുപുഴ സ്വദേശി ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്‌സായി പോയത്. തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാൻ തീരുമാനിക്കുകയും ചെയ്തതോടെ നിമിഷപ്രിയയുടെ ദുരിതം ആരംഭിച്ചു. ബിസിനസിനായി സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. കൂടുതൽ പണത്തിന് കുടുംബത്തോടൊപ്പം നാട്ടിലേക്ക് വന്ന നിമിഷ ഒറ്റയ്ക്കാണ് മടങ്ങിയത്.
നിമിഷ ഭാര്യയാണെന്ന് തലാൽ അബ്ദുൾ മഹ്ദി പലരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. പാസ്‌പോർട്ട് തട്ടിയെടുത്തു. സ്വർണം വിറ്റു. അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ മഹ്ദി ക്രൂരമായി മർദ്ദിച്ചു. ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ മൊഴി.
ആഭ്യന്തരയുദ്ധം കലുഷമായ യെമൻ തലസ്ഥാനമായ സന ഇപ്പോൾ ഹൂതി വിമതരുടെ നിയന്ത്രണത്തിലാണ്. യെമനിലെ ഇന്ത്യൻ എംബസി ഇപ്പോൾ പ്രവർത്തിക്കുന്നത് അയൽരാജ്യമായ ജിബൂട്ടിയിലാണ്.