sasi-tharoor

തിരുവനന്തപുരം: മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിനെ കടന്നാക്രമിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. കഴിഞ്ഞ 40 വർഷമായി താൻ തിരുവനന്തപുരത്തുകാരനാണെന്നും ശശി തരൂരിനെ പോലെ പൊട്ടി വീണതല്ല എന്നും അദ്ദേഹം പറഞ്ഞു. ഇടയ്‌ക്കിടെ വന്നുപോകുന്ന അദ്ദേഹത്തെ പോലെയല്ല, ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണ് താനെന്നും പന്ന്യൻ പറ‌ഞ്ഞു.

'പന്ന്യന് എന്ത് ധൈര്യമാണെന്നാണ് തരൂർ ചോദിക്കുന്നത്. എനിക്കെന്താ ധൈര്യത്തിന് കുറവ്. ഞാൻ ഒന്നാം സ്ഥാനത്താണ്. വാനോളമാണ് പ്രതീക്ഷ. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് ബിജെപി - യുഡിഎഫ് മത്സരം. ഗ്രൗണ്ട് റിയാലിറ്റിയാണ് ഞാൻ പറഞ്ഞത്. അത് തന്നെയാണ് ഗോവിന്ദൻ മാഷും പറഞ്ഞത്. ' - പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിൽ എൽഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് കഴിഞ്ഞ ദിവസം പന്ന്യൻ രവീന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്തുണയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. പന്ന്യൻ പറഞ്ഞതിൽ തെറ്റില്ല, ഇടതിന്റെ മുഖ്യ എതിരാളി ആർഎസ്‌എസ് നയിക്കുന്ന ബിജെപി തന്നെയാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

'തിരുവനന്തപുരത്ത് ഒന്നാം സ്ഥാനത്ത് എൽഡിഎഫ് വരും. രണ്ടാം സ്ഥാനത്ത് എൻഡിഎയും. യുഡിഎഫ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. ഈ യാഥാർത്ഥ്യമാണ് പന്ന്യൻ പറഞ്ഞത്. പ്രചാരണം ശക്തമല്ലെന്ന മാദ്ധ്യമപ്രവചനങ്ങൾ പൊളിവചനങ്ങളാണ്. ഇടതുപക്ഷം കേരളത്തിലെ എല്ലാ വീടുകളിലും മൂന്ന് തവണ പോയി. ഇടതുപക്ഷത്തിന്റെ സർവേ ജനങ്ങളുടെ സർവേയാണ്.' - ബിനോയ്‌ വിശ്വം പറഞ്ഞു.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ സുഗമവും സുരക്ഷിതവുമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈ.എസ്.പിമാരും 100 ഇൻസ്‌പെക്ടർമാരും സബ് ഇൻസ്‌പെക്ടർ/ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികയിലുള്ള 4,540 പേരും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും.

23,932 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ /സിവിൽ പൊലീസ് ഓഫീസർമാരും ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നുള്ള 4,383 പോലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളിൽ നിന്ന് 4,464 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പിൽ സുരക്ഷാ ചുമതല നിർവഹിക്കും. ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരും ഡ്യൂട്ടിയിൽ ഉണ്ടാകും.

സംസ്ഥാനത്തെ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ 144 ഇലക്ഷൻ സബ് ഡിവിഷനുകൾ ഉണ്ടാകും. ഡിവൈ.എസ്.പി മാർക്കാണ് ഇതിന്റെ ചുമതല. ഓരോ പോലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിംഗ് ടീമുകൾ ഉണ്ടായിരിക്കും. കൂടാതെ തിരഞ്ഞെടുപ്പ് ദിവസത്തേയ്ക്കായി ദ്രുതകർമ്മ സേനയുടെ ഒരു സംഘം വീതം എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഉണ്ടായിരിക്കും. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോൾ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പെടുത്തിയാണ് പ്രത്യേക സുരക്ഷാനടപടി സ്വീകരിച്ചിരിക്കുന്നത്. പ്രശ്നബാധിതമെന്നു കണ്ടെത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി എം ആർ അജിത് കുമാർ ആണ് പോലീസ് വിന്യാസത്തിന്റെ സംസ്ഥാനതല നോഡൽ ഓഫീസർ. പോലീസ് ആസ്ഥാനത്തെ ഐ ജി ഹർഷിത അട്ടലൂരി അസിസ്റ്റന്റ് പൊലീസ് നോഡൽ ഓഫീസറാണ്.