
വയനാട്: സുൽത്താൻബത്തേരിയിൽ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി ഭക്ഷ്യകിറ്റുകൾ എത്തിച്ച സംഭവം വിവാദമായതോടെ പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വം രംഗത്ത്. ഭക്ഷ്യകിറ്റുകൾ തയ്യാറാക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുണ്ടെന്നും ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു. സംഭവം പാർട്ടിയുടെ മേൽ കെട്ടിവയ്ക്കാൻ നോക്കണ്ടന്നും ബന്ധപ്പെട്ടവർ അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.
'മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്ക് തികഞ്ഞ മുൻതൂക്കം ഉണ്ടെന്ന് മനസിലാക്കിയുളള ഗൂഢാലോചനയാണിത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യകിറ്റുകൾ കണ്ടെത്തിയതെന്ന് പറഞ്ഞതിലും ദുരൂഹതയുണ്ട്. എന്തുകൊണ്ട് ഈ പ്രശ്നം പാർട്ടിയുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നതെന്ന് ജനങ്ങൾക്ക് അറിയാം'- പ്രശാന്ത് മലവയൽ വ്യക്തമാക്കി,
കിറ്റ് വിവാദത്തിൽ പ്രശാന്ത് മലവയലിന് പിന്നാലെ സിപിഎം ജില്ലാ സെക്രട്ടറി ഇ ജെ ബാബുവും പ്രതികരണവുമായി രംഗത്തെത്തി. ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും വോട്ടർമാർക്കുളള കിറ്റ് വിതരണത്തെക്കുറിച്ച് നേരത്തെ സൂചന ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യക്കിറ്റും നിലവിളക്കും കൊടുക്കാനായിരുന്നു ബിജെപിയുടെ നീക്കമെന്നും ബാബു പ്രതികരിച്ചു.
കഴിഞ്ഞ ദിവസം സുൽത്താൻബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിൽ നിന്നാണ് 1500ഓളം ഭക്ഷ്യകിറ്റുകൾ പിടികൂടിയത്. പിക്കപ്പ് ജീപ്പിൽ കയറ്റികൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് ഇവ പിടിച്ചെടുത്തത്. ഭക്ഷ്യകിറ്റുകൾ എവിടേക്ക് കൊണ്ടുപോകാനുള്ളതാണെന്ന് അറിയില്ലെന്നാണ് ജീപ്പിലെ ഡ്രൈവർ പൊലീസിന് നൽകിയ മൊഴി.
ബിസ്കറ്റുകൾ, ചായപ്പൊടി തുടങ്ങിയവ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവച്ച നിലയിലായിരുന്നു. കുറേകിറ്റുകൾ ജീപ്പിൽ കയറ്റിയ നിലയിലും കുറെ കിറ്റുകൾ കെട്ടിയ നിലയിലുമായിരുന്നു കണ്ടെത്തിയത്. കിറ്റുകൾ എവിടേക്ക് കൊണ്ടുപോകാനുള്ളതാണെന്നും ആർക്ക് വിതരണം ചെയ്യാനുള്ളതാണെന്നതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്.