
കോട്ടയം: പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി. വെള്ളാപ്പള്ളി നടേശൻ, വരാപ്പുഴ ബിഷപ്പ്, ജി സുകുമാരൻ നായർ എന്നിവരെയും കാണും. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് മത - സാമുദായിക നേതാക്കളെ സന്ദർശിക്കുന്നത്.
രാവിലെ കുരിശുപള്ളിയിലെത്തി പ്രാർത്ഥിച്ചിരുന്നു. ഇന്നലെ രാത്രി അരുവിത്തുറ പള്ളിയിലും പോയിരുന്നു. 'ഇതെന്റെ പ്രൈവറ്റ് വിസിറ്റാണ്. അരുവിത്തുറ പള്ളിയിൽ പോകണമെന്നത് നേർച്ചയായിരുന്നു. വെരി പേഴ്സണൽ. നല്ല പ്രതീക്ഷയുണ്ട്. ജനങ്ങൾ തീരുമാനിച്ചിട്ടുണ്ട്.'- സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലെയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് നടന്നത്. കാവടി, ശിങ്കാരിമേളം, നാസിക് ഡോൾ എന്നിവയുടെ അകമ്പടിയോടെയായിരുന്നു സുരേഷ് ഗോപിയുടെ കൊട്ടിക്കലാശം. സ്ത്രീകൾ അടക്കമുള്ളവർ താളത്തിനൊത്ത് ചുവടു വച്ചു. തുറന്ന ജീപ്പിൽ നേതാക്കളായ ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ, ടി.പി. സുൽഫത്ത് എന്നിവർക്കൊപ്പമായിരുന്നു സ്ഥാനാർത്ഥി സുരേഷ് ഗോപി.
വൈകിട്ട് അഞ്ചോടെ ആരംഭിച്ച റോഡ് സമാപന സ്ഥലത്തേക്ക് എത്തുമ്പോൾ അഞ്ചരയായി. പൊലീസ് അനുവദിച്ച സ്ഥലത്ത് ബി.ജെ.പിയുടെയും ഘടകകക്ഷികളുടെയും കൊടികളും ബലുണുകളും മോദി, അമിത് ഷാ, സുരേഷ് ഗോപി എന്നിവരുടെ പ്ലക്കാർഡുകളമായി നൂറുകണക്കിന് പേർ നൃത്തം ചവുട്ടി. തൃശൂർ, ഒല്ലൂർ, പുതുക്കാട്, ചേർപ്പ് മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. നേതാക്കളായ ബി. രാധാകൃഷ്ണ മേനോൻ, കെ.ആർ. ഹരി, സുരേന്ദ്രൻ ഐനിക്കുന്നത്ത്, എം.എസ്. സമ്പൂർണ, പൂർണിമ സുരേഷ്, എൻ.ആർ. റോഷൻ, ഡോ. ആതിര, ലിനി, വിപിൻ ഐനിക്കുന്നത്ത്, രഘുനാഥ് സി. മേനോൻ, വിൻഷി അരുൺ കുമാർ എന്നിവർ നേതൃത്വം നൽകി.