
പാലക്കാട്: ആലത്തൂർ ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ കെ രാധാകൃഷ്‌ണന്റെ പ്രചാരണ വാഹനത്തിൽ നിന്ന് ആയുധങ്ങൾ മാറ്റുന്ന ദൃശ്യം പുറത്തുവിട്ട് യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. സംഭവം വിവാദമായതോടെ ചേലക്കര പൊലീസ് ഇടപെട്ടു. ദൃശ്യങ്ങളിലുള്ളവരോട് സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെട്ടു. ഇന്ന് ഹാജരാകാനായിരുന്നു നിർദേശം.
അതേസമയം, കാറിൽ നിന്ന് മാറ്റിയത് പണിയായുധങ്ങൾ ആണെന്നാണ് ദൃശ്യങ്ങളിലുള്ളവർ പറയുന്നത്. വീഡിയോയിലുള്ളത് താൻ തന്നെയാണെന്ന് എൽഡിഎഫ് പ്രവർത്തകൻ സുരേന്ദ്രൻ പറഞ്ഞു. ഫ്ലക്‌സ് വയ്‌ക്കാൻ പോയ ചില പ്രവർത്തകരുടെ ആയുധങ്ങളാണ് വണ്ടിയിലുണ്ടായിരുന്നത്. കൊട്ടിക്കലാശത്തിന് പോകാൻ വണ്ടിയിൽ കയറിയപ്പോഴാണ് ഇത് കണ്ടത്. വഴിയിൽ പരിശോധന നടക്കുമ്പോൾ പ്രശ്നമാകണ്ട എന്ന് കരുതി ആയുധങ്ങൾ മാറ്റി വച്ചതാണ് എന്നും സുരേന്ദ്രൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. കനമുള്ള രണ്ട് വെട്ടുകത്തിയാണ് വാഹനത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫിന്റെ ആരോപണം നിഷേധിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ രാധാകൃഷ്‌ണനും രംഗത്തെത്തി. പ്രചാരണ വാഹനത്തിൽ ആയുധം കൊണ്ടുനടക്കുന്ന പരിപാടി തങ്ങൾക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ദൃശ്യങ്ങളിലുള്ളത് ആരാണെന്നോ എന്താണ് സംഭവമെന്നോ എനിക്കറിയില്ല. ബാലറ്റ് യുദ്ധമാണ് നടക്കുന്നത്. അല്ലാതെ ആയുധം കൊണ്ടുള്ള യുദ്ധമല്ല. എന്താണ് സംഭവമെന്ന് പരിശോധിക്കട്ടെ. എതിരാളികൾക്ക് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണ് ഇതുമായി വന്നത്. പാർട്ടി പരിശോധിക്കേണ്ട കാര്യമുണ്ടെങ്കിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ സുഗമവും സുരക്ഷിതവുമായി വോട്ടെടുപ്പ് നടത്തുന്നതിനുള്ള സുരക്ഷാക്രമീകരണങ്ങൾ പൂർത്തിയായി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ അനുസരിച്ചുള്ള പോലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.
സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈ.എസ്.പിമാരും 100 ഇൻസ്‌പെക്ടർമാരും സബ് ഇൻസ്‌പെക്ടർ/ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തസ്തികയിലുള്ള 4,540 പേരും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും.
23,932 സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ /സിവിൽ പൊലീസ് ഓഫീസർമാരും ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നുള്ള 4,383 പോലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്രസേനകളിൽ നിന്ന് 4,464 ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പിൽ സുരക്ഷാ ചുമതല നിർവഹിക്കും. ഹോം ഗാർഡിൽ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസിൽ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരും ഡ്യൂട്ടിയിൽ ഉണ്ടാകും.
സംസ്ഥാനത്തെ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴിൽ 144 ഇലക്ഷൻ സബ് ഡിവിഷനുകൾ ഉണ്ടാകും. ഡിവൈ.എസ്.പി മാർക്കാണ് ഇതിന്റെ ചുമതല. ഓരോ പോലീസ് സ്റ്റേഷനിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിംഗ് ടീമുകൾ ഉണ്ടായിരിക്കും. കൂടാതെ തിരഞ്ഞെടുപ്പ് ദിവസത്തേയ്ക്കായി ദ്രുതകർമ്മ സേനയുടെ ഒരു സംഘം വീതം എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും ഉണ്ടായിരിക്കും. പോളിംഗ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോൾ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ കേന്ദ്രസേനയെ ഉൾപ്പെടുത്തിയാണ് പ്രത്യേക സുരക്ഷാനടപടി സ്വീകരിച്ചിരിക്കുന്നത്. പ്രശ്നബാധിതമെന്നു കണ്ടെത്തിയിട്ടുള്ള പോളിംഗ് സ്റ്റേഷനുകളിൽ കേന്ദ്രസേനയെ ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. എഡിജിപി എം ആർ അജിത് കുമാർ ആണ് പോലീസ് വിന്യാസത്തിന്റെ സംസ്ഥാനതല നോഡൽ ഓഫീസർ. പോലീസ് ആസ്ഥാനത്തെ ഐ ജി ഹർഷിത അട്ടലൂരി അസിസ്റ്റന്റ് പൊലീസ് നോഡൽ ഓഫീസറാണ്.