mamitha-baiju

കോട്ടയം: 'പ്രേമലു' എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായ മമിത ബൈജുവിന് വോട്ട് ചെയ്യാൻ സാധിക്കില്ല. വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുവേണ്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ താരത്തെ സ്വീപ് യൂത്ത് ഐക്കണായി പ്രഖ്യാപിച്ചത്. മമിതയുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തത് പ്രശ്നമായത്. താരത്തിന്റെ കന്നിവോട്ടായിരുന്നു ഇത്തവണത്തേത്.തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രവർത്തകർ മമിതയുടെ വീട്ടിൽ വോട്ടിംഗ് സ്ലിപ് എത്തിച്ച് നൽകിയപ്പോഴാണ് വിവരമറിഞ്ഞതെന്ന് പിതാവായ ഡോ. ബൈജു പറഞ്ഞു.സിനിമയിലെ തിരക്കുകൾ വർദ്ധിച്ചതിനാലാണ് മകൾക്ക് വോട്ട് ഉറപ്പാക്കൻ കഴിയാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടർമാരെ ബോധവൽക്കരിക്കാനും വോട്ടിംഗ് സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയ പുതിയ പദ്ധതിയാണ് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ പ്രോഗ്രാം (സ്വീപ്). ഇതിന്റെ ഭാഗമായി കോട്ടയം മണ്ഡലത്തിലെ ഐക്കണുകളായി ജസ്റ്റിസ് കെ ടി തോമസ്, കമാൻഡർ അഭിലാഷ് ടോമി, മിസ് ട്രാൻസ് ഗ്ലോബൽ വിജയിയും മോഡലുമായ ശ്രുതി സിത്താര, ഗായിക വൈക്കം വിജയലക്ഷ്മി എന്നിവരെയാണ് നിശ്ചയിച്ചത്.

കന്നിവോട്ടർമാരെ ആകർഷിക്കാനാണ് കമ്മീഷൻ മമിതയെ സ്വീപ് യൂത്ത് ഐക്കണായി തിരഞ്ഞെടുത്തത്. ജില്ലകൾ തോറും പ്രമുഖരെ ഐക്കണുകളായി നിശ്ചയിക്കാറുണ്ട്. വോട്ട് പാഴാക്കരുത് എന്ന സന്ദേശമാണ് ഇവരിലൂടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പൊതുജനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്നത്.